ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴക (ഡി.എം.കെ) ത്തിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് പിന്തുണ അറിയിച്ച് ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധികൾ. ക്രിസ്ത്യൻ സമൂഹം ഡി.എം.കെക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും പാർട്ടി വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സി.എസ്.ഐ സിയോൺ ചർച്ച് ചെയർമാൻ രാജ ഫ്രീമാൻ പറഞ്ഞു.
‘ഡി.എം.കെക്ക് പിന്തുണ അറിയിക്കാനാണ് ഞങ്ങൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ഡി.എം.കെ ഏഴാം തവണയും വിജയിക്കുമെന്നും നമ്മുടെ മുഖ്യമന്ത്രിയെ അധികാരത്തിലെത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. ക്രിസ്ത്യൻ -ന്യൂനപക്ഷ സമൂഹം ഡി.എം.കെയുടെ പ്രവർത്തനങ്ങളെ പിന്തുണക്കും’ -ഫ്രീമാൻ പറഞ്ഞു.
തമിഴ്നാട്ടിലെ വോട്ടർമാരിൽ 15 ശതമാനത്തോളം ക്രിസ്ത്യൻ -മുസ്‍ലിം സമുദായത്തിൽപ്പെട്ടവരാണ്. കാലങ്ങളായി ഡി.എം.കെ സഖ്യത്തെ പ്രതിനിധീകരിക്കുന്ന ഈ വിഭാഗം തമിഴ്നാട്ടിലെ രാഷ്ട്രീയഗതി നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഈ വോട്ട് ബാങ്കിൽ കടന്നുകയറാനാണ് നടനും രാഷ്രടീയക്കാരനുമായ വിജയ് യുടെയും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴക (ടി.വി.കെ)ത്തിന്റെയും ശ്രമം. ചെന്നൈയിലെ ചർച്ചുകളിലെ സന്ദർശനത്തിലൂടെയും മതസാമുദായിക നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലൂടെയും തെരഞ്ഞെടുപ്പിൽ സുപ്രധാന വെല്ലുവിളി ഉയർത്താനാണ് ടി.വി.കെ പരിശ്രമിക്കുന്നത്. ക്രിസ്ത്യൻ -ന്യൂനപക്ഷ പ്രതിനിധികൾ പ്രത്യക്ഷ പിന്തുണ ഡി.എം.കെക്ക് നൽകിയത്, ടി.വി.കെയുടെ കണക്കുകൂട്ടലുകൾക്ക് തിരിച്ചടിയാകും.
ഡി.എം.കെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാകുന്നതിനിടെയാണ് ക്രിസ്ത്യൻ വിഭാഗം പിന്തുണയുമായി രംഗത്തെത്തിയത്. കൊളത്തൂരിൽനിന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ജനവിധി തേടുന്നത്. കഴിഞ്ഞദിവസം ചെന്നൈ സെൻട്രലിൽനിന്ന് ഡി.എം.എസ് സ്റ്റേഷനിലേക്ക് ചെന്നൈ മെട്രോയിൽ സ്റ്റാലിൻ യാത്ര നടത്തിയിരുന്നു. യാത്രക്കാരുമായി സംവദിച്ചും പൊതുജന പിന്തുണ അഭ്യർഥിച്ചുമായിരുന്നു സ്റ്റാലിന്റെ പ്രചാരണം. സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും ചെന്നൈയിലെ ട്രിപ്ലിക്കേൻ മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 23ന് ഒറ്റഘട്ടമായാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മെയ് 4 ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.