‘വൈകാരിക പ്രശ്ന’മെന്ന്; കമാൽ മൗലാ മസ്ജിദിൽ ജുമുഅക്ക് അനുമതി നിഷേധിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: മധ്യപ്രദേശിലെ കമാൽ മൗലാ മസ്ജിദ് സമുച്ചയത്തിൽ നേരത്തെയുണ്ടായിരുന്ന തൽസ്ഥിതി പുനഃസ്ഥാപിച്ച് ജുമുഅ നമസ്കാരത്തിന് അനുമതി നൽകണമെന്ന മുസ്‍ലിം വിഭാഗത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. വൈകാരികമായ വിഷയമാണെന്ന് ചൂണ്ടിക്കാണിച്ച് ഇരുവിഭാഗങ്ങളും ക്ഷമ പാലിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് കോടതി ആവശ്യം തള്ളിയത്.

അതേസമയം, മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലുകളിൽ കോടതി നോട്ടീസ് അയക്കുകയും രണ്ടോ മൂന്നോ ആഴ്ചക്കകം കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. മധ്യപ്രദേശ് സർക്കാർ, പുരാവസ്തു സർവേ വകുപ്പ്, ഹിന്ദു വിഭാഗം എന്നിവരോട് കോടതി മറുപടി തേടിയിരിക്കുന്നത്.

സമുച്ചയത്തിന് സമീപമുള്ള പ്രത്യേക തുറസ്സായ സ്ഥലത്ത് വെള്ളിയാഴ്ച ഉച്ചക്ക് 1 മുതൽ 3 വരെ വിശ്വാസികൾക്ക് ജുമുഅ നമസ്കാരം നടത്താൻ അനുവദിക്കണമെന്ന് മധ്യപ്ര​ദേശ് സർക്കാറിനോട് ആവശ്യപ്പെട്ടു. അന്തിമ വിധിക്ക് വിധേയമായ താൽക്കാലിക ക്രമീകരണമാണിതെന്ന് കോടതി വ്യക്തമാക്കി. അതേസമയം, സുപ്രീം കോടതിയുടെ അനുമതിയില്ലാതെ വിവാദ സമുച്ചയത്തിൽ യാതൊരു ഘടനാപരമായ മാറ്റങ്ങളും പുരാവസ്തു സർവേ വകുപ്പ് നടത്തരുതെന്നും കോടതി നിർദേശിച്ചു.

മുസ്‍ലിം വിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി 2003 മുതൽ നിലവിലുണ്ടായിരുന്ന ക്രമീകരണം പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ആ ക്രമീകരണപ്രകാരം മുസ്‍ലിങ്ങൾക്ക് വെള്ളിയാഴ്ച നമസ്കാരത്തിനും ഹിന്ദുക്കൾക്ക് ചൊവ്വാഴ്ചയും വസന്തപഞ്ചമി ദിനത്തിലും ആരാധനക്കും അനുമതിയുണ്ടായിരുന്നു. ഹൈകോടതി വിധി നടപ്പാക്കുന്നതിന് മുമ്പ് സുപ്രീം കോടതിയെ സമീപിക്കാൻ മതിയായ സമയം ലഭിച്ചില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

എന്നാൽ, നിലവിലെ സാഹചര്യം മാറ്റുന്ന ഇടക്കാല ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചില്ല. മതപരമായ തർക്കങ്ങളിൽ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആവശ്യമായാൽ കേസ് ദിനംപ്രതി കേൾക്കാൻ കോടതിക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ഹൈക്കോടതി വിധിക്ക് ശേഷം രണ്ട് മാസം കഴിഞ്ഞിട്ടും സ്ഥലത്ത് സമാധാനപരമായ സാഹചര്യമാണുള്ളതെന്നും പഴയ ക്രമീകരണം പുനഃസ്ഥാപിക്കേണ്ട സാഹചര്യമില്ലെന്നും വാദിച്ചു.

മുസ്‍ലിം വിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ ഹുസൈഫ അഹ്മദി, വൃന്ദ ഗ്രോവർ എന്നിവർ നൂറ്റാണ്ടുകളായി അവിടെ നമസ്കാരം നടന്നുവരുന്നുണ്ടെന്നും ഹൈക്കോടതി വിധിയിലൂടെ ഇത് ഇല്ലാതായതെന്നും കോടതിയിൽ ചൂണ്ടിക്കാട്ടി.

മെയ് 15ന് മധ്യപ്രദേശ് ഹൈക്കോടതി മസ്ജിദ് സമുച്ചയം സരസ്വതി ദേവിക്ക് സമർപ്പിച്ച ഭോജ്ശാല ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ലണ്ടനിലെ മ്യൂസിയത്തിലുള്ള സരസ്വതി ദേവിയുടെ വിഗ്രഹം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന് ഭോജ്ശാലയിൽ പുനഃപ്രതിഷ്ഠ ചെയ്യാനുള്ള സാധ്യത കേന്ദ്ര സർക്കാറിന്പരിഗണിക്കാമെന്നും, മുസ്‍ലിം സമൂഹത്തിന് ധാർ ജില്ലയിൽ അനുയോജ്യമായ സ്ഥലത്ത് പുതിയ മസ്ജിദ് നിർമ്മിക്കാൻ ഭൂമി അനുവദിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന് നിയമാനുസൃതമായി പരിശോധിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

Tags:    
News Summary - Citing 'emotional issue', Supreme Court denies permission for Jumua at Kamal Maula Masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.