തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പേ ഡി.എം.കെ സഖ്യത്തിൽ മുറുമുറുപ്പ്

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുമ്പേ ഡി.എം.കെക്കെതിരെ സഖ്യകക്ഷികൾ പരോക്ഷ വിമർശനങ്ങളുമായി രംഗത്തെത്തി. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയിലെ സി.പി.എം, വിടുതലൈ ശിറുതൈകൾ കക്ഷി, കോൺഗ്രസ് എന്നിവയിലെ നേതാക്കളാണ് അതൃപ്തി പ്രകടിപ്പിച്ച് പ്രതികരിച്ചത്.

ഇടതുകക്ഷികളെ അഞ്ച് സീറ്റിലൊതുക്കിയെന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കെ.ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പ്രസ്താവിച്ചത്.

സി.പി.എമ്മും സി.പി.ഐയും ആറ് സീറ്റുകൾക്കായി സമ്മർദം ചെലുത്തിയെങ്കിലും ഡി.എം.കെയുമായി ധാരണയിലെത്താൻ കഴിഞ്ഞില്ല. ഇത്തവണ യുവജനങ്ങൾക്കിടയിൽ മാറ്റത്തിനായി പ്രത്യേക ഉണർവ് പ്രകടമായിരുന്നുവെന്നും മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ചെറുപ്പക്കാരെ കൂടെ നിർത്താൻ ഡി.എം.കെ സർക്കാർ പദ്ധതികൾ തയാറാക്കിയില്ലെന്നുമാണ് വിമർശനം. സംസ്ഥാനത്ത് രണ്ടക്ക സാമ്പത്തിക വളർച്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് തൊഴിലാളികളുടെ കൂടി അധ്വാനത്തിന്റെ ഫലമാണ്. എന്നാൽ, തൊഴിലാളികൾക്ക് സർക്കാർ എന്ത് നൽകിയെന്ന് സാംസങ് ഫാക്ടറി തൊഴിലാളികളുടെയും ശുചിത്വ തൊഴിലാളികളുടെയും സമരം ചൂണ്ടിക്കാട്ടി ബാലകൃഷ്ണൻ ചോദിച്ചു.

ചില മണ്ഡലങ്ങളിൽ ഡി.എം.കെ മുന്നണിയുടെ ഏകോപനമായ പ്രവർത്തനം ഉണ്ടായിട്ടില്ലെന്നും ഇത് പരിശോധിച്ചുവരുകയാണെന്നും വിടുതലൈ ശിറുതൈകൾ കക്ഷി(വി.സി.കെ) നേതാവ് ടി. തിരുമാവളവൻ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. വി.സി.കെക്ക് പത്ത് സീറ്റുകൾ അനുവദിക്കാത്ത ഡി.എം.കെ നിലപാടിൽ അദ്ദേഹം അസംതൃപ്തിയും പ്രകടിപ്പിച്ചു. അതിനിടെ, വിജയ് യുടെ ടി.വി.കെ തമിഴക രാഷ്ട്രീയത്തിൽ നിർണായക രാഷ്ട്രീയ ശക്തിയാവുമെന്നും പ്രതിപക്ഷ വോട്ടുകൾ ഏകീകരിക്കുന്നതിൽ വിജയ് വിജയിച്ചാൽ അത് ഡി.എം.കെക്ക് വെല്ലുവിളിയാവുമെന്നും തമിഴ്നാട്ടിൽനിന്നുള്ള കോൺഗ്രസ് എം.പി മാണിക്കം ടാഗോർ അഭിപ്രായപ്പെട്ടു.

ഡി.എം.കെ സർക്കാറിൽ ഭരണ പങ്കാളിത്തം വേണമെന്ന് വാദിക്കുന്ന തമിഴ്നാട് കോൺഗ്രസിലെ പ്രമുഖ നേതാവാണ് ഇദ്ദേഹം.

കോൺഗ്രസിന്റെ ഭാവി നിലപാടുകൾ തമിഴക രാഷ്ട്രീയ ധ്രുവീകരണത്തിനും പുതിയ സഖ്യ സാധ്യതകൾക്കും വഴിതുറക്കുമെന്ന അഭിപ്രായം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് മാണിക്കം ടാഗോറിന്റെ പ്രസ്താവന. വിജയ് യുടെ ടി.വി.കെയുമായി സഖ്യമുണ്ടാക്കാത്തത് തെറ്റായിപ്പോയെന്നും തമിഴക കോൺഗ്രസിലെ രണ്ടാം നിര നേതാക്കൾക്ക് അഭിപ്രായമുണ്ട്. 

Tags:    
News Summary - DMK alliance faces criticism even before election results are out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.