പാർട്ടി താൽപര്യത്തിന് മുൻഗണന -ഡി.കെ. ശിവകുമാർ

ന്യൂഡൽഹി: കർണാടകയിൽ താൻ ഉപമുഖ്യമന്ത്രിയാകുമെന്നത് സ്ഥിരീകരിച്ച് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ. പാർട്ടിയുടെ താൽപര്യം മുൻനിർത്തിയാണ് തീരുമാനമെന്നും ശിവകുമാർ ഇന്ത്യ ടുഡേയോട് പറഞ്ഞു. നാല് നാൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് കർണാടകയിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും ഹൈകമാൻഡ് തീരുമാനിച്ചത്. 

'കർണാടകയുടെ താൽപര്യങ്ങളോട് പ്രതിബദ്ധതയുള്ളവരാണ് ഞങ്ങൾ. പാർലമെന്‍റ് തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. അതിനാൽ, നേതൃത്വം മുന്നോട്ടുവെച്ച ഫോർമുല പാർടിയുടെ താൽപര്യം മുൻനിർത്തിക്കൊണ്ട് അംഗീകരിക്കുകയായിരുന്നു' -ശിവകുമാർ പറഞ്ഞു.

രണ്ട് ടേമുകളിലായി സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രിമാരാകുമെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രി പദം പങ്കുവെക്കാമെന്ന് നേരത്തെ സിദ്ധരാമയ്യ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ, ആദ്യതവണ മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യക്ക് വേണമെന്ന ആവശ്യത്തിലാണ് ശിവകുമാർ ഉടക്കിയത്. ആറ് പ്രധാന വകുപ്പുകൾ ഉപമുഖ്യമന്ത്രിക്ക് നൽകാനുള്ള ധാരണയിലാണ് ഒടുവിൽ പ്രശ്നപരിഹാരമായത്. പാർടി സംസ്ഥാന അധ്യക്ഷൻ കൂടിയായ ശിവകുമാറിന് ഒറ്റ പദവി എന്ന വ്യവസ്ഥയിലും ഇളവ് അനുവദിക്കും.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ബംഗളൂരു കണ്ഡീരവ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടക്കും. സത്യപ്രതിജ്ഞക്കുള്ള തയാറെടുപ്പുകൾ ഇവിടെ നേരത്തെ തുടങ്ങിയിരുന്നു. 

Tags:    
News Summary - DK Shivakumar confirms becoming Karnataka deputy CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.