ചെന്നൈ: കേരളത്തിന് പിറകെ തമിഴ്നാട്ടിലും ഗവർണറും സംസ്ഥാന സർക്കാറും തമ്മിൽ പോര് രൂക്ഷമാവുന്നു. സംസ്ഥാനത്തെ 13 സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സർക്കാറിൽ നിക്ഷിപ്തമാക്കുന്ന ബിൽ യൂനിവേഴ്സിറ്റി ഗ്രാൻഡ്സ് കമീഷന്റെ ചട്ടങ്ങളുടെ പരിധിയിലുൾപ്പെടുന്നില്ലെന്നും കുടുതൽ വിശദീകരണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഗവർണർ തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ബിൽ പരിഗണനയിലിരിക്കെ മൂന്ന് യൂനിവേഴ്സിറ്റികളിൽ വി.സി മാരെ ഏകപക്ഷീയമായി നിയമിച്ച് ഉത്തരവിറക്കിയതിന് പിറകെയാണ് ഗവർണറുടെ കത്ത്.
തമിഴ്നാട്ടിലെ സർവകലാശാലകളിൽ വി.സിമാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സർക്കാറിൽ നിക്ഷിപ്തമാക്കുന്ന രണ്ട് ബില്ലുകൾ ഏപ്രിലിലാണ് തമിഴ്നാട് നിയമസഭ പാസാക്കിയത്. സർക്കാറിന് വൈസ് ചാൻസലർമാരെ നിയമിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഇത് സർവകലാശാലകളിൽ ഭരണപരമായ തടസ്സങ്ങൾക്ക് കാരണമാവുന്നതായും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയെ ബോധിപ്പിച്ചിരുന്നു. എന്നാൽ ഈ ബില്ലുൾപ്പെടെ നിയമസഭ പാസാക്കിയ 21 പ്രമേയങ്ങളിൽ ഒപ്പുവെക്കാതെ ഗവർണർ കാലതാമസം വരുത്തി. ഗവർണറെ മന്ത്രിമാരും പിന്നീട് മുഖ്യമന്ത്രി സ്റ്റാലിൻ നേരിട്ടും സന്ദർശിച്ച് ബില്ലുകളിൽ ഒപ്പുവെക്കാൻ അഭ്യർഥിച്ചിരുന്നു.
ഇതിനിടെ സർക്കാറിനെ പ്രകോപിപ്പിച്ച് അളഗപ്പ സർവകലാശാല, മാനോൻമണ്യം സുന്ദരനാർ സർവകലാശാല, തിരുവള്ളൂർ സർവകലാശാല എന്നിവിടങ്ങളിൽ ഗവർണർ സ്വമേധയാ വൈസ് ചാൻസലർമാരെ നിയമിച്ച് ഉത്തരവിറക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.