ക്ഷേത്രത്തിലെ പ്രസാദം കഴിച്ചു; ഭിന്നശേഷിക്കാരനായ മുസ്‍ലിം യുവാവിനെ തല്ലിക്കൊന്നു

ന്യൂഡൽഹി: ക്ഷേത്രത്തിൽനിന്ന് പ്രസാദം വാങ്ങിക്കഴിച്ച മാനസികാസ്വാസ്ഥ്യമുള്ള ഭിന്നശേഷിക്കാരനായ മുസ്‍ലിം യുവാവിനെ ഒരുകൂട്ടം യുവാക്കൾ തൂണിൽ കെട്ടിയിട്ട് അടിച്ചുകൊന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ സുന്ദർ നഗരിയിൽ മുഹമ്മദ് ഇസ്റാർ (26) എന്ന യുവാവിനുനേരെയാണ് ചൊവ്വാഴ്ച രാവിലെ ആൾക്കൂട്ട ആക്രമണം നടന്നത്. ക്ഷേത്രത്തിനരികിൽ പ്രസാദം കഴിച്ച് നിൽക്കുകയായിരുന്ന ഒരുകൂട്ടം യുവാക്കൾ കള്ളനാണെന്ന് ആരോപിച്ച് പിടിച്ച് തൂണിൽ കെട്ടിയിട്ട് വടികൾകൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇസ്റാറിനെ അയൽക്കാരൻ ആമിറാണ് റിക്ഷയിൽ വീടിനടുത്തുകൊണ്ടാക്കിയത്.

വൈകീട്ട് വീട്ടിൽ താൻ തിരിച്ചെത്തുമ്പോൾ മുഹമ്മദ് ഇസ്റാർ വീടിന് മുന്നിൽ വീണുകിടക്കുന്ന നിലയിലായിരുന്നുവെന്ന് പഴക്കച്ചവടക്കാരനായ പിതാവ് അബ്ദുൽ വാജിദ് നൽകിയ പരാതിയിലുണ്ട്. ശരീരമാസകലം മുറിവേറ്റ ഇസ്റാർ വേദനകൊണ്ട് പുളയുകയായിരുന്നു.

വൈകീട്ട് ഏഴോടെ ഇസ്റാർ മരണപ്പെട്ടെന്നും പിതാവ് വ്യക്തമാക്കി. പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജി.ടി.ബി ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനുപിന്നാലെ ഡൽഹി പൊലീസ് ഏതാനും പേരെ കസ്റ്റഡിയിലെടുത്തു. കൊലക്കേസ് രജിസ്റ്റർ ചെയ്തെന്നും പ്രതികളെ പിടിക്കാനുള്ള ശ്രമത്തിലാണെന്നും നിരവധിപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Disabled Muslim man eats prasad at Delhi temple, tied to pole, beaten to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.