ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയും അടക്കമുള്ളവരുടെ പഴയ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ച് സംഘ്പരിവാറിനെ പുകഴ്ത്തി കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് ദിഗ് വിജയ് സിങ്. ബി.ജെ.പിയുടെ മുതിർന്ന നേതാവ് എൽ.കെ അദ്വാനി ഒരു ചടങ്ങിൽ പങ്കെടുക്കുന്ന പഴയ ചിത്രമാണ് കോൺഗ്രസ് നേതാവ് സമൂഹമാധ്യമത്തിൽ പങ്കിട്ടത്. അദ്വാനിയുടെ അടുത്ത് തറയിൽ നരേന്ദ്ര മോദി ഇരിക്കുന്നത് കാണാം. സ്വയംസേവകരും പ്രവർത്തകരും നേതാക്കളുടെ കാൽക്കൽ തറയിൽ ഇരുന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി മാറുന്ന രീതി, ഇതാണ് ആ സംഘടനയുടെ ശക്തി എന്ന് ദിഗ് വിജയ് സിങ് ഈ ചിത്രത്തിനൊപ്പം എക്സിൽ കുറിച്ചു.
‘ഈ ചിത്രം ഞാൻ ക്വോറ സൈറ്റിലാണ് കണ്ടത്. ഇത് വളരെ ശ്രദ്ധേയമാണ്... ആർ.എസ്.എസിലെ അടിത്തട്ടിലുള്ള സ്വയംസേവകരും (പ്രവർത്തകരും) ജനസംഘം പ്രവർത്തകരും നേതാക്കളുടെ കാൽക്കൽ തറയിൽ ഇരുന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി മാറുന്ന രീതി. ഇതാണ് സംഘടനയുടെ ശക്തി. ജയ് സിയ റാം’ -എന്നാണ് ദിഗ് വിജയ് സിങ് എക്സിൽ കുറിച്ചത്.
ഇത് ഏറ്റെടുത്ത ബി.ജെ.പി, രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് നേതാവിന്‍റെ പരാമർശം സ്വേച്ഛാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ കോൺഗ്രസ് നേതൃത്വത്തെ തുറന്നുകാട്ടിയെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. കോൺഗ്രസ് കുടുംബത്തിലെ അംഗങ്ങൾ എങ്ങനെയാണ് പാർട്ടിയെ സ്വേച്ഛാധിപത്യപരമായി നയിക്കുന്നതെന്നും ഈ കോൺഗ്രസ് നേതൃത്വം എത്രമാത്രം സ്വേച്ഛാധിപത്യപരവും ജനാധിപത്യവിരുദ്ധവുമാണെന്നും തുറന്നുകാട്ടിയ ദിഗ്‌വിജയ് സിങ്ങിന്റെ ഞെട്ടിക്കുന്ന സത്യ ബോംബിനോട് പ്രതികരിക്കാൻ രാഹുൽ ഗാന്ധി ധൈര്യം കാണിക്കുമോ എന്ന് ബി.ജെ.പി വക്താവ് സി.ആർ. കേശവൻ ചോദിച്ചു.
കോൺഗ്രസ് പാർട്ടിയിൽ പരിഷ്കാരങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്ക് ദിഗ് വിജയ് സിങ് ദിവസങ്ങൾക്ക് മുമ്പ് കത്തെഴുതിയിരുന്നു. പാർട്ടിക്ക് കൂടുതൽ പ്രായോഗികമായ വികേന്ദ്രീകൃത പ്രവർത്തനം ആവശ്യമാണെന്നും എന്നാൽ ഗാന്ധിയെ സമ്മതിപ്പിക്കാൻ എളുപ്പമല്ല എന്നെല്ലാം കത്തിൽ ഉണ്ടായിരുന്നു. കത്ത് അയച്ച് ഒരാഴ്ച പിന്നിട്ടിരിക്കെയാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ ദിഗ് വിജയ് സിങ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. സംഘ് പരിവാർ പ്രശംസ വിവാദമായതോടെ വിശദീകരണവുമായി ദിഗ് വിജയ് സിങ് പിന്നീട് രംഗത്തെത്തിയിട്ടുണ്ട്. സംഘടനയെ പ്രശംസിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ബി.ജെ.പിയെയും ആർ.എസ്.എസിനെയും എതിർക്കുന്നത് തുടരുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.