ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: മഹാരാഷ്ട്രയിൽ മൂന്ന് പേർ പിടിയിൽ

മുംബൈ: മഹാരാഷ്ട്രയിലെ ബീഡിൽ ഡിജിറ്റൽ അറസ്റ്റിലൂടെ 23 ലക്ഷധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരു വനിത ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസന്ന അജയ് കാസറ്റ്, ഭാര്യ സ്വാതി കാസറ്റ്, ഇവരുടെ സഹായിയായ സങ്കേത് ദീപക് ബെൽദാർ എന്നിവരാണ് പിടിയിലായത്. ജൽഗാവ് സ്വദേശികളായ ഇവർ സൂര്യകാന്ത് മുണ്ടെ എന്ന വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന സമീപിക്കുകയും ഡിജിറ്റൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇരയിൽ നന്നും 23.42 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തു. ഈ തുക പിന്നീട് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയുമായിരുന്നു. സാങ്കേതിക പരിശോധനകളിലൂടെയാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. ഇവരുടെ പക്കൽ നിന്നും മൂന്ന് ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം ആരംഭിച്ചു.

സാങ്കേതിക വൈദഗ്ദ്യം ഇല്ലാത്തവരെയും പ്രായമായവരേയുമാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. പൊലീസ് അല്ലെങ്കിൽ മറ്റ് അന്വേഷണ ഏജൻസികളിൽ നിന്നാണെന്ന് പറഞ്ഞ് ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ ബന്ധപ്പെട്ട് വ്യാജ കേസുകളിൽ അകപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ഇവരുടെ രീതി. ഇരകളെ മണിക്കൂറുകളോളം ഓൺലൈൻ നിരീക്ഷണത്തിൽ വിധേയമാക്കിയശേഷം മാനസികമായി സമ്മർദ്ദത്തിലാക്കി പണം തട്ടിയെടുക്കുകയും ചെയ്യുന്നു. ഇന്ത‍്യയിൽ സമാനമായി നിരവധി കേസുകൾ ഈയിടെ റിപ്പോർട്ടു ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ഹൈദരാബാദിൽ 81 വയസ്സുള്ള ഒരു വ്യവസായിയിൽ നിന്ന് ലഹരിക്കേസിൽ അകപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 7.12 കോടി രൂപ തട്ടിയെടുത്തിരുന്നു. ഈ വർഷം ജനുവരിയിൽ ഡൽഹിയിൽ ദമ്പതിമാരിൽ നിന്ന് 15 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിയമപരമായി ഡിജിറ്റൽ അറസ്റ്റ് എന്നൊരു രീതി ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്കില്ലെന്നും ഇത്തരം ഭീഷണിപ്പെടുത്തുന്ന ഫോൺ കോളുകൾ വന്നാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - Digital Arrest Scam: Three Arrested in Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.