മുംബൈ: സ്മാർട്ട്ഫോൺ ഉപയോക്താക്കൾ 74.8 കോടിയുള്ളപ്പോൾ സാദാ ഫോണുകൾ ഉപയോഗിക്കുന്നവരും രാജ്യത്ത് ഏറെയാണ്. സ്മാർട്ട്ഫോണിൽ നടക്കുന്ന പണമിടപാടുകൾ തങ്ങൾക്ക് കഴിയില്ലെന്ന പരിഭവത്തിലായിരുന്നു 40 കോടിയിലധികം വരുന്ന ഫീച്ചർഫോൺ ഉപയോക്താക്കൾ.
ഡിജിറ്റൽ പണമിടപാട് സംവിധാനമായ യു.പി.ഐ (യൂനിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) ഫീച്ചർ ഫോണിൽ ലഭ്യമാക്കി കേന്ദ്രം. റിസർവ്ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് ചൊവ്വാഴ്ച 'UPI 123PAY' എന്ന സംവിധാനം പുറത്തിറക്കിയത്. ഡിജിറ്റൽ പണമിടപാടുകൾ സംബന്ധിച്ച സംശയങ്ങൾക്കായി 'ഡിജിസാത്തി' എന്ന 24 മണിക്കൂർ ഹെൽപ് ലൈനും ചൊവ്വാഴ്ച ആരംഭിച്ചു. സംശയങ്ങൾക്ക് www.digisaathi.info സന്ദർശിക്കുകയോ 14431, 1800 891 3333 നമ്പറുകളിൽ വിളിക്കുകയോ ചെയ്യാം.
സാദാ ഫോണിൽ സംവിധാനം ലഭിക്കാൻ സ്മാർട്ട്ഫോണിലെ പോലെ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കണം. യു.പി.ഐ പിൻ സെറ്റ് ചെയ്യണം. ബില്ലടക്കൽ, ഫാസ്റ്റ്ടാഗ് റീച്ചാർജിങ്, ഫോൺ ബില്ലടക്കൽ, അക്കൗണ്ട് ബാലൻസ് നോക്കൽ എന്നിവ ഇതുവഴി സാധ്യമാകും.യു.പി.ഐ രംഗത്തെത്തി ആറു വർഷത്തിന് ശേഷമാണ് ഈ സംവിധാനം ഫീച്ചർ ഫോണുകളിൽ വരുന്നത്. യു.പി.ഐ സൃഷ്ടിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ആണ്.
2016ൽ സ്മാർട്ട്ഫോണിനായി യു.പി.ഐ ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ ഫീച്ചർ ഫോണിലും ഈ സംവിധാനം ലഭിക്കാൻ യു.എസ്.എസ്.ഡി അധിഷ്ഠിത സേവനം തുടങ്ങിയെങ്കിലും ഫലവത്തായിരുന്നില്ല. എല്ലാ ടെലികോം കമ്പനികളും പിന്തുണക്കാത്തതും സേവനത്തിലെ സങ്കീർണതയും സൗജന്യമല്ലെന്നതുമാണ് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.