സതാബ്ദി റോയ്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപത്തിനിടെ വിമത എം.പി സതാബ്ദി റോയ് പാർട്ടി അധ്യക്ഷയായ മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. മമത ബാനർജി പഴയ മമതയല്ലെന്നും ആകെ മാറിപ്പോയെന്നും മാറ്റം അത്ര സുഖകരമല്ലെന്നും സതാബ്ദി റോയ് പറഞ്ഞു.
‘ദീദി (മമത) മാറിപ്പോയി. പഴയ മമതയല്ല ഇപ്പോഴുള്ളത്. സാധാരണ പ്രവർത്തകരുടെയും നേതാക്കളുടെയും വാക്കുകൾ കേൾക്കുന്ന സ്വഭാവം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഞങ്ങൾ അകന്നത്’ -സതാബ്ദി റോയ് ആരോപിച്ചു. ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സതാബ്ദിയുടെ വിമർശനം.
തൃണമൂലിലെ വിമത വിഭാഗം ബി.ജെ.പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു സതാബ്ദി റോയിയുടെ പ്രതികരണം. വിമത എം.പിമാരുടെ പുതിയ പാർലമെന്ററി ഗ്രൂപ്പിന്റെ ഉപ നേതാവായി സതാബ്ദിയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിൽ ആദ്യമായി ബി.ജെ.പി സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയാണ് തൃണമൂലിൽ വൻ പിളർപ്പ് ഉണ്ടായിരിക്കുന്നത്.
‘കഴിഞ്ഞ കുറച്ചു വർഷങ്ങളായി അവർ ഒരുപാട് മാറി. എനിക്ക് അവരുമായി വൈകാരിക ബന്ധമുണ്ട്. പക്ഷേ എനിക്ക് പ്രധാനം എന്റെ കർത്തവ്യമാണ്. അതുകൊണ്ടാണ് ഞാൻ ഈ തീരുമാനം എടുത്തത്. ഞങ്ങളുടെ ശബ്ദം ആരും കേൾക്കാത്തതിനാലാണ് പാർട്ടി വിടുന്നത്. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രത്യേക ആളുകൾക്ക് മാത്രമേ മമത ബാനർജിയെ സമീപിക്കാൻ കഴിഞ്ഞുള്ളൂ.’ -സതാബ്ദി റോയ് പറഞ്ഞു. തൃണമൂൽ നേതൃത്വവുമായി ബന്ധപ്പെടാൻ കഴിയാത്തത് ഒരു പ്രധാന പ്രശ്നമായിരുന്നു. തീരുമാനമെടുക്കുന്ന സ്ഥാനങ്ങളിൽ വിരലിലെണ്ണാവുന്ന നേതാക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവർ അവഗണിക്കപ്പെട്ടുവെന്നും അവർ പറഞ്ഞു.
മമത ബാനർജി സർക്കാറിലെ മന്ത്രിമാർ പോലും എം.പിമാർക്ക് സമയം നൽകിയില്ല. അവരുടെ അഭ്യർഥനകൾ അവഗണിച്ചു. തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് കൂടിയാലോചനകൾ നടത്തിയില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസാരിക്കാൻ ശ്രമിച്ചപ്പോൾ നിശബ്ദമായി ഇരിക്കാൻ ആവശ്യപ്പെട്ടതായും സതാബ്ദി റോയ് കൂട്ടിച്ചേർത്തു. കൂടാതെ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വ്യാപക അഴിമതി ആരോപണവും അവർ ഉന്നയിച്ചു.
അതേസമയം, തൃണമൂലിലെ കലാപം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. വിമത നേതാവ് കകോലി ഘോഷ് ദസ്തിദാറിനൊപ്പം 20 എം.പിമാർ പിന്തുണ പ്രഖ്യാപിച്ചുവെന്നാണ് അവകാശവാദം. ഈ സംഘം എൻ.ഡി.എക്ക് പിന്തുണ നൽകുമെന്നും ലോക്സഭാ സ്പീക്കറോട് പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അംഗീകാരം തേടിയതായും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.