ന്യൂഡൽഹി: പാറ്റകളുടെ ചിറകടികണ്ട് വിറച്ച് ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. സി.ജെ.പിയും സർക്കാറും മൂന്നാം റൗണ്ട് ചർച്ചക്ക് ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലിരിക്കുമ്പോഴാണ് ‘കഴിഞ്ഞ 10 ദിവസത്തിനിടെയുണ്ടായ സംഭവങ്ങളുടെ പരമ്പരയിൽ താൻ ദുഃഖിതനായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് സമർപ്പിച്ചു’ എന്ന് ധർമേന്ദ്ര പ്രധാൻ ട്വിറ്ററിലൂടെ അറിയിക്കുന്നത്. പ്രഹ്ലാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രി സർക്കാർ പ്രഖ്യാപിച്ചു. ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രിയായ പ്രഹ്ലാദ് ജോഷി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി വഹിക്കും.
ടൈഫോയ്ഡ് ബാധിതനായി വേദിയിലെത്തിയ അഭിജീത് ദിപ്കെ രാജിവിവരം മൈക്കിലൂടെ വിളിച്ചറിയിച്ചതോടെ ജന്തർ മന്തറിൽ വിജയാഘോഷം തുടങ്ങി. ഏകാധിപതിയുടെ പരാജയമാണിതെന്ന് ദിപ്കെ പറഞ്ഞു. ഇതിനുശേഷമായിരുന്നു ചർച്ച അവസാനിപ്പിച്ച് കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്രസിങ്ങും സി.ജെ.പി നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും സംയുക്ത വാർത്തസമ്മേളനം വിളിച്ചത്.
ധർമേന്ദ്ര പ്രധാൻ രാജി നൽകിയതോടെ പ്രധാന ആവശ്യം നിറവേറിയെന്ന് അശുതോഷ് പറഞ്ഞു. ഡൽഹിയിലും ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്നും നീറ്റ് പരീക്ഷയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായി നഷ്ടപരിഹാര നടപടിയെടുക്കുമെന്ന് സർക്കാർ സമ്മതിച്ചുവെന്നും അദ്ദേഹം തുടർന്നു. കേന്ദ്ര മന്ത്രിമാരും ഇക്കാര്യം സ്ഥിരീകരിച്ചു.
പ്രതിഷേധക്കാർക്കെതിരെ എഫ്.ഐ.ആർ പിൻവലിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും നീറ്റ് പേപ്പർ ചോർന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാര തുക ഉടൻ നൽകുമെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു. അതിനുശേഷമാണ്, സമരം അവസാനിപ്പിക്കുകയാണെന്ന് സൗരവ് ദാസ് പ്രഖ്യാപിച്ചത്. സമരക്കാർ എത്രയും പെട്ടെന്ന് ജന്തർ മന്തർ വിട്ടുപോകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
യുവതയെ പാറ്റകളെന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്ഷേപ ഹാസ്യമെന്ന നിലക്ക് തുടങ്ങിയ കോക്രോച്ച് ജനതാ പാർട്ടി പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലെത്തി 36ാം ദിവസമാണ് ഗത്യന്തരമില്ലാത്ത രാജി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.