ന്യൂഡൽഹി: യുവ രോഷത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ, സമരം തുടങ്ങി 35ാം ദിവസം ഗത്യന്തരമില്ലാതെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത്.
മോദി സർക്കാറിൽ അപൂർവമായി മാത്രമാണ് മന്ത്രിമാർ രാജിവെക്കുന്നത്. അതുകൊണ്ടുതന്നെ പ്രധാന്‍റെ രാജി പ്രഖ്യാപനവും അപ്രതീക്ഷിതമായി. സി.ജെ.പി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പ്രധാന്റെ രാജി ആവശ്യത്തിൽ തീരുമാനം ശനിയാഴ്ച അറിയിക്കാമെന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ അറിയിച്ചിരുന്നത്. മന്ത്രി രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയായിരുന്നു സി.ജെ.പി. ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, സമാധാനപരമായി സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കി ഭാവിയിൽ പ്രതികാര നടപടിയെടുക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചെങ്കിലും രാജി സംബന്ധിച്ച യാതൊരു ഉറപ്പും നൽകിയില്ല.
ഇതിനിടെ ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെന്ന റിപ്പോർട്ടുകളും സർക്കാറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളിൽനിന്ന് പുറത്തുവന്നു. നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽ ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടിയെടുത്ത് മുഖംരക്ഷിക്കാനുള്ള നീക്കവും സർക്കാർ നടത്തി. 47 ഉദ്യോഗസ്ഥരെയാണ് ഒറ്റയടിക്ക് പുറത്തായത്. എന്നാൽ, ഇതൊന്നും സി.ജെ.പിയെ രാജി ആവശ്യത്തിൽനിന്ന് പിന്തിരിപ്പിച്ചില്ല. പ്രതിപക്ഷം ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ വീട്ടുവീഴ്ചക്കില്ലെന്ന് ശനിയാഴ്ചയും ആവർത്തിച്ചു. പാർലമെന്‍റ് മാർച്ചിനിടെ പൊലീസിന്‍റെ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർഥികളുമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയ രാഹുൽ, രാജിയിൽ വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി.
ഒടുവിൽ രാജി അല്ലാതെ മറ്റു വഴികളില്ലെന്ന് മനസ്സിലാക്കിയാണ് കേന്ദ്രം മുട്ടുമടക്കുന്നത്. മോദി സർക്കാറിൽ ആദ്യമായിട്ടാണ് യുവജന പ്രക്ഷോഭത്തെ തുടർന്ന് ഒരു മന്ത്രിക്ക് രാജിവെക്കേണ്ടി വരുന്നത്. രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച റെയിൽവേ സഹമന്ത്രി രവനീത് സിങ് ബിട്ടുവും കഴിഞ്ഞമാസം ന്യൂനപക്ഷ ക്ഷേമ, ഫിഷറീസ് വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിരുന്ന മലയാളിയായ ജോർജ് കുര്യനും രാജിവെച്ചിരുന്നു.
പൊലീസിനെ ഉപയോഗിച്ച് വിദ്യാർഥികളെ ജന്തർ മന്തറിൽനിന്ന് ബലംപ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ മോദി ഭരണകൂടത്തെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് ചെയ്തത്.
എന്റെ യുവസുഹൃത്തുക്കളെ, നാല് പതിറ്റാണ്ടിലധികമായി ഞാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പരിഷ്കരണത്തിനുമായി എന്നെത്തന്നെ സമർപ്പിച്ചിരിക്കുകയാണ്. കരുത്തുറ്റതും എല്ലാവരെയും ഉൾക്കൊള്ളുന്നതും ദീർഘവീക്ഷണവുമുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ശക്തമായ ഒരു രാജ്യത്തിന്റെ അടിത്തറയെന്ന് വിശ്വസിക്കുന്നു.
രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷകളെയും വികാരങ്ങളെയും ന്യായമായ ആവശ്യങ്ങളെയും വളരെയേറെ ബഹുമാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിലെ ഒരു ധാർമിക പ്രതിബദ്ധതയാണ്. ബഹുമാന്യനായ പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിന് അദ്ദേഹത്തോടുള്ള നന്ദി അറിയിക്കുന്നു.
എന്നാൽ, 2026 മേയ് മൂന്നിന് നടന്ന നീറ്റ് -യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട് ചില ക്രമക്കേടുകൾ പുറത്തുവന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ, കേന്ദ്ര സർക്കാർ ഇതിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷക്കുള്ള തീയതി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ, അടുത്ത വർഷം മുതൽ പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ പരീക്ഷ നടത്താനും തീരുമാനിച്ചു.
ഇതിനിടിയിൽ, 20 ലക്ഷത്തിലധികം വിദ്യാർഥികൾക്കായി പരീക്ഷ സുഗമമായി നടത്തുക എന്നതായിരുന്നു പ്രധാന മുൻഗണന. കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാറുകൾ, ജില്ലാ ഭരണകൂടങ്ങൾ എന്നിവർ സംയുക്തമായാണ് ഈ ലക്ഷ്യം സാധ്യമാക്കിയത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ ജൂൺ 21ന് പരീക്ഷ വിജയകരമായി നടത്തി. ആദ്യ ദിവസം മുതൽ തന്നെ ഒളിച്ചോടാതെ ഇതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പരീക്ഷാ മാഫിയകൾ കാരണം കഴിവുള്ള ഒരു വിദ്യാർഥിയുടെയും ഭാവി തകരരുതെന്നും ഒരു വിദ്യാർഥിക്കും നീതി നിഷേധിക്കരുതെന്നും എനിക്ക് നിർബന്ധമുണ്ടായിരുന്നു. ജൂലൈ 16ന് പ്രഖ്യാപിച്ച നീറ്റ്-യു.ജി ഫലം തൃപ്തികരമായിരുന്നു; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചുറ്റുപാടുകളിൽ നിന്നുള്ള നിരവധി കഴിവുള്ള വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടി.
ഇതിനിടയിലും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികൾ തടസ്സങ്ങളുണ്ടാക്കാനും വിദ്യാർഥികളെ വഴിതെറ്റിക്കാനും ശ്രമം നടത്തി -ഇവരുടെ പ്രവർത്തനം ഏറെ വിഷമിപ്പിച്ചു. നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയിൽ എനിക്ക് എപ്പോഴും അചഞ്ചലമായ വിശ്വാസമുണ്ട്, കൂടാതെ യുവാക്കളുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുന്നു. അവർ ഇന്ത്യയുടെ ഭാവി മാത്രമല്ല; പുതിയ, വികസിത ഭാരതത്തിന്റെ വഴികാട്ടികളും ശിൽപികളുമാണ്. കഴിഞ്ഞ പത്തുദിവസത്തെ സംഭവവികാസങ്ങളിൽ ഞാൻ ഏറെ വേദനിക്കുന്നു. ഇത് എനിക്ക് വ്യക്തിപരമായ അഭിമാനത്തിന്റെ പ്രശ്നമല്ല.
ഇന്ത്യയുടെ യുവാക്കളാണ് ഈ രാജ്യത്തിന്റെ യഥാർഥ കരുത്ത്. രാജ്യത്തെ യുവാക്കൾ ആശയക്കുഴപ്പത്തിന്റെ വലയിൽ അകപ്പെടാൻ പാടില്ലെന്ന് എന്റെ നിശ്ചയദാർഢ്യമാണ്. ജന്തർ മന്തറിലെയും രാജ്യത്തുടനീളവുമുള്ള സാഹചര്യം കണക്കിലെടുത്ത് -ദേശവിരുദ്ധ ശക്തികൾ ഇത് മുതലെടുക്കുന്നത് തടയുന്നതിനും ദേശീയ ഐക്യം നിലനിർത്തുന്നതിനും ഒരു ഇന്ത്യൻ വിദ്യാർഥിയുടെ പോലും ഭാവി നിയമപരമായ സങ്കീർണതകളിൽ കുടുങ്ങിപ്പോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും നമ്മുടെ കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവരുടെ കരിയർ കെട്ടിപ്പടുക്കാനും സമയം നൽകുന്നതിനുമായി ഞാൻ എന്റെ രാജി പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.
പ്രധാനമന്ത്രിയുടെ മാർഗനിർദേശത്തിനും വിശ്വാസത്തിനും നിരന്തരമായ പിന്തുണക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. കേന്ദ്ര മന്ത്രിസഭയിലെ എന്റെ എല്ലാ സഹപ്രവർത്തകർക്കു, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും എനിക്കൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. രാജ്യത്തെ സേവിക്കുക എന്നതു തന്നെയാണ് ജീവിതത്തിലെ മുൻഗണന; ഈ ലക്ഷ്യത്തിനായി സമർപ്പിക്കും.
വരുംദിവസങ്ങളിലും ജനങ്ങളുടെയും രാജ്യത്തെ യുവാക്കളുടെയും പ്രതീക്ഷകൾ പൂർത്തീകരിക്കുന്നതിനായി സാധ്യമായ എല്ലാ വഴികളിലൂടെയും ജീവിതം സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.