ഇൻഡിഗോയിൽ പ്രതിസന്ധി; റദ്ദായത് 200ഓളം വിമാനസർവീസുകൾ, അന്വേഷണവുമായി ഡി.ജി.സി.എ

ന്യൂഡൽഹി: ഇൻഡിഗോയിൽ വിമാന സർവീസുകളിൽ കൂട്ടറദ്ദാക്കൽ തുടരുന്നതിനിടെ, അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). എയർലൈനിനോട് വിശദാംശങ്ങൾ ആരാഞ്ഞ ഡി.ജി.സി.എ പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തിര പദ്ധതി തയ്യാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണ്. വിമാനക്കമ്പനിയുമായി ചേർന്ന് പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ശ്രമം. ഇൻഡിഗോ അധികൃതരോട് നിന്ന് വിശദാംശങ്ങൾ കൈമാറാനും പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തിര പദ്ധതി സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്’ ഡി.ജി.സി.എ വ്യക്തമാക്കി.

ബുധനാഴ്ച മാത്രം 200ഓളം വിമാന സർവീസുകളാണ് റദ്ദാക്കിയത്. പൈലറ്റുമാരുടെ കുറവ്, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവയാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ചൊവ്വാഴ്ചയും 100ലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു.

‘രണ്ട് ദിവസമായി പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായി വ്യക്തമാക്കിയ ഇൻഡിഗോ ഉപഭോക്താക്കൾ നേരിട്ട ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിച്ചു. സാങ്കേതിക പിഴവുകൾ, ശൈത്യകാല ഷെഡ്യൂൾ മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ, വിമാനഗതാഗത സംവിധാനത്തിലെ വർധിച്ച തിരക്ക്, പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നടപ്പാക്കൽ എന്നിവയടക്കം അപ്രതീക്ഷിതമായ വെല്ലുവിളികൾ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഇത് മുൻകൂട്ടി തിരിച്ചറിയാൻ കഴിഞ്ഞില്ല,’ ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാനും സമയക്രമം വീണ്ടെടുക്കാനും ലക്ഷ്യമിട്ട് ഷെഡ്യൂളുകളിലെ ക്രമീകരണം അടുത്ത 48 മണിക്കൂർ നേരം നിലനിൽക്കുമെന്ന് കമ്പനി വ്യക്തമാക്കി. ബാധിക്കപ്പെട്ട ഉപഭോക്താക്കൾക്ക് ബദൽ യാത്രാ ക്രമീകരണങ്ങളോ റീഫണ്ടോ ലഭ്യമാകും. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് https://www.goindigo.in/check-flight-status.html എന്ന ലിങ്കിൽ പരിശോധിക്കാനും ഇൻഡിഗോ ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു.

വ്യാഴാഴ്ച പുലർച്ചെയും സർവീസുകൾ തടസപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതേത്തുടർന്ന്, മുംബൈയും ഡൽഹിയുമടക്കം വിമാനത്താവളങ്ങളിൽ അസാധാരണമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച ഇൻഡിഗോയുടെ ഓൺ-ടൈം പെർഫോമൻസ് 35 ശതമാനമായി കുറഞ്ഞു. 1,400-ൽ അധികം വിമാനങ്ങൾ വൈകിയെന്നാണ് വിവരം.

‘മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ചില ഇൻഡിഗോ വിമാനങ്ങൾക്ക് എയർലൈൻ സംബന്ധമായ പ്രശ്നങ്ങൾ കാരണം കാലതാമസമോ റദ്ദാക്കലോ ഉണ്ടായേക്കാം. ഇൻഡിഗോയിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് എയർലൈനിൽ നിന്ന് ഏറ്റവും പുതിയ വിമാന സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു,’ മുംബൈ വിമാനത്താവളം ഒരു പ്രസ്താവനയിൽ പറഞ്ഞു.

പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ മാനദണ്ഡങ്ങളെ തുടർന്നുണ്ടായ പൈലറ്റുമാർ അടക്കമുള്ള ജീവനക്കാരുടെ ദൗർലഭ്യമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. കാബിൻ ക്രൂവിന്റെ അഭാവത്തിൽ നിരവധി വിമാനങ്ങളാണ് റദ്ദാക്കിയത്. ചില വിമാനങ്ങൾ എട്ട് മണിക്കൂർ വരെ വൈകി.

പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സുരക്ഷയെ ബാധിച്ചേക്കാവുന്ന ക്ഷീണം ഒഴിവാക്കാനും വേണ്ടിയാണ് ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നടപ്പിലാക്കിയത്. ക്രൂ അംഗത്തിന്റെ ഡ്യൂട്ടിസമയം കൃത്യമായി നിർണയിക്കുന്നതാണ് പുതിയ മാനദണ്ഡങ്ങൾ. ഓരോ ക്രൂ അംഗത്തിനും അവരുടെ ഫ്ലൈറ്റ് സമയത്തിന്റെ ഇരട്ടി സമയം വിശ്രമം ലഭിക്കണമെന്നും നിർദേശമുണ്ട്. ഒരു ദിവസം എട്ട് മണിക്കൂർ, ആഴ്ചയിൽ 35 മണിക്കൂർ, മാസത്തിൽ 125 മണിക്കൂർ, വർഷത്തിൽ 1000 മണിക്കൂർ എന്നിങ്ങനെയാണ് ജീവനക്കാരന്റെ വിമാനത്തിലെ ജോലിസമയം നിർണയിച്ചിരിക്കുന്നത്. 

Tags:    
News Summary - DGCA investigating widespread flight delays, cancellations at IndiGo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.