ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ കണ്ടു; മഹാരാഷ്ട്രയിൽ വിശ്വാസവോട്ടിന് നീക്കം

മുംബൈ: മഹാരാഷ്ട്രയിൽ എം.എൽ.എമാരുടെ വിമതനീക്കത്തെ തുടർന്ന് പ്രതിസന്ധിയിലായ ഉദ്ധവ് താക്കറെ സർക്കാറിനോട് വിശ്വാസ വോട്ടുതേടാൻ ഗവർണർ ഭഗത്സിങ് കോശിയാരി ഉടൻ ആവശ്യപ്പെട്ടേക്കും.

പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ചൊവ്വാഴ്ച രാത്രി ഗവർണറെ കണ്ട് ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യ മഹാവികാസ് അഘാഡി സർക്കാറിന് ഭൂരിപക്ഷമില്ലെന്ന് അറിയിച്ചതോടെയാണിത്. അയോഗ്യരാക്കാതിരിക്കാൻ സ്പീക്കർ നൽകിയ കാരണംകാണിക്കൽ നോട്ടീസിനെതിരെ വിമതർ സുപ്രീംകോടതിയിൽ നൽകിയ ഹരജി ചൂണ്ടിക്കാട്ടിയാണ് ഫഡ്നാവിസിന്റെ നീക്കം. 39 ശിവസേന എം.എൽ.എമാർ അഘാഡിക്കുള്ള പിന്തുണ പിൻവലിച്ചതായി ഹരജിയിൽ പറയുന്നു.

ചൊവ്വാഴ്ച ഡൽഹിയിൽ ചെന്ന് പാർട്ടി ദേശീയ നേതൃത്വത്തെ കണ്ട ശേഷം മുംബൈയിലെത്തിയ ഫഡ്നാവിസ് മറ്റ് പാർട്ടി നേതാക്കൾക്കൊപ്പം രാജ്ഭവനിലെത്തുകയായിരുന്നു. ഗുവാഹതിയിലെ ഹോട്ടലിൽ കഴിയുന്ന ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതസംഘവും ഉടൻ മുംബൈയിലെത്തിയേക്കും.

ശിവസേനയിലേക്ക് മടക്കമില്ലെന്നും ബി.ജെ.പിയെ പിന്തുണക്കുമെന്നുമുള്ള സൂചനയുമായി ഷിൻഡെ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയുടെ പരസ്യ നീക്കങ്ങൾ.

അവസാന ശ്രമമെന്നനിലയിൽ ചൊവ്വാഴ്ച ഉദ്ധവ് താക്കറെ വിമതരോട് മടങ്ങിവരാൻ വൈകാരികമായി അഭ്യർഥിച്ചിരുന്നു. ശിവസേന തലവൻ എന്നനിലയിൽ ശിവസൈനികരുടെ മുഴുവൻ കുടുംബത്തിന്റെയും തലവൻ കൂടിയാണെന്നും കെണിയിൽപെടരുതെന്നും നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവിയിൽ ആശങ്കയുണ്ടെന്നും ഉദ്ധവ് പറഞ്ഞു. എന്നാൽ, വിമതപക്ഷം ചെവിക്കൊണ്ടില്ല. വിമതരിൽ പകുതിയോളം പേർ തങ്ങളുമായി സമ്പർക്കം പുലർത്തുന്നുവെന്ന ഔദ്യോഗികപക്ഷത്തിന്റെ വാദം ഏക്നാഥ് ഷിൻഡെ തള്ളി.

55 ശിവസേന എം.എൽ.എമാരിൽ 39 പേർ ഷിൻഡെക്ക് ഒപ്പമാണ്. ഇതുവരെ അഘാഡിയെ പിന്തുണച്ച 11ഓളം സ്വതന്ത്രരും വിമത ക്യാമ്പിലുണ്ട്. മുഴുവൻ എം.എൽ.എമാരോടും മുംബൈയിലെത്താൻ ബി.ജെ.പി നിർദേശം നൽകി. അടുത്ത രണ്ട് ദിവസം നിർണായകമാകുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.

വിമതരെ പൂർണമായും പൊളിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ ഉദ്ധവ് സർക്കാറിന് വിശ്വാസവോട്ടിൽ പിടിച്ചുനിൽക്കാൻ കഴിയില്ല. 16 വിമതരെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ നീക്കം സുപ്രീംകോടതിയിലാണ്. ബി.ജെ.പിയിൽ ലയിക്കില്ലെന്നും 'ബാൽ താക്കറെയുടെ ശിവസേന' വിടില്ലെന്നുമാണ് വിമതർ പറയുന്നത്.

16 എം.എൽ.എമാരാണ് ഔദ്യോഗികപക്ഷത്തുള്ളത്. എൻ.സി.പിയുടെ 52ഉം കോൺഗ്രസിലെ 44ഉം ശേഷിച്ച അഞ്ച് സ്വതന്ത്രരും ചേർന്നാൽ 117 പേരെ അഘാഡിയിലുള്ളൂ. 145 ആണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. എട്ട് സ്വതന്ത്രരടക്കം 114 പേരാണ് ബി.ജെ.പിക്കുള്ളത്. ഷിൻഡെ പക്ഷത്തെ 16 പേരെ അയോഗ്യരാക്കിയാലും ശേഷിച്ച 34 പേരുടെ പിന്തുണയുണ്ടെങ്കിൽ ബി.ജെ.പിക്ക് ഭരണം പിടിക്കാനാകും.

Tags:    
News Summary - Devendra Fadnavis met Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.