ഇനി പഴയനോട്ട് പിടിച്ചാല്‍ പിഴ;  പ്രവാസികള്‍ക്ക് ജൂണ്‍ വരെ സാവകാശം

ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ കൈവശം വെക്കുന്നത് കുറ്റകരമാക്കുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കി. ബാങ്കില്‍ നിക്ഷേപിക്കാനുള്ള കാലാവധിക്കുശേഷം അസാധുനോട്ട് കൈവശം വെക്കുന്നവര്‍ക്ക് 10,000 രൂപ അല്ളെങ്കില്‍ പിടിച്ചെടുത്ത തുകയുടെ അഞ്ചിരട്ടി അതില്‍ ഏതാണോ കൂടുതല്‍ അത് പിഴ ചുമത്താനാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. ഓര്‍ഡിനന്‍സ് പ്രകാരം അസാധുനോട്ട് റിസര്‍വ് ബാങ്കില്‍ നല്‍കി മാറിയെടുക്കുന്നതിന് പ്രവാസികള്‍ക്ക് 2017 ജൂണ്‍ 30 വരെ സമയമുണ്ട്. പ്രവാസികളല്ലാത്ത, എന്നാല്‍ നോട്ട് അസാധുപ്രഖ്യാപനം വന്ന നവംബര്‍ ഒമ്പതുമുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലത്ത് വിദേശത്തായിരുന്നവര്‍ക്ക് 2017 മാര്‍ച്ച് 31 വരെയും അസാധുനോട്ട് മാറിയെടുക്കാം. 

ഫെമ പ്രകാരം വിദേശത്തുനിന്ന് വരുന്ന ഒരാള്‍ക്ക് കറന്‍സിയായി കൊണ്ടുവരാവുന്ന തുക 25,000 രൂപയാണ്. പ്രവാസിയായ ഒരാള്‍ക്ക് ഇത്രയും തുക 2017 ജൂണ്‍ 30നകം മാറ്റിയെടുക്കാം. വിമാനമിറങ്ങുമ്പോള്‍ കൈവശമുള്ള അസാധുനോട്ടിന്‍െറ കണക്ക് കസ്റ്റംസ് അധികൃതര്‍ മുമ്പാകെ വെളിപ്പെടുത്തണം. അതിനായി പ്രത്യേക ഫോറം കസ്റ്റംസ് കൗണ്ടറില്‍നിന്ന് ലഭിക്കും. നോട്ട് മാറാന്‍ റിസര്‍വ് ബാങ്ക് ഓഫിസില്‍ ചെല്ലുമ്പോള്‍ പ്രസ്തുത ഫോറവും സത്യപ്രസ്താവനയും ഒപ്പിട്ട് നല്‍കണം. തെറ്റായ വിവരം നല്‍കിയാല്‍ 50,000 രൂപ അല്ളെങ്കില്‍ ഇടപാടിലുള്‍പ്പെട്ട തുകയുടെ അഞ്ചിരട്ടി അതില്‍ ഏതാണോ കൂടുതല്‍ അത് പിഴയായി അടക്കണം. റിസര്‍വ് ബാങ്കിന്‍െറ ഏതൊക്കെ ഓഫിസുകളിലാണ് ഇത്തരത്തില്‍ അസാധുനോട്ട് മാറ്റം അനുവദിക്കുകയെന്ന് പിന്നീട് അറിയിക്കും.
 

Tags:    
News Summary - deposit old notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.