ഇന്ത്യക്കാരോട് ചെയ്തത് ട്രംപിനോട് പറയാൻ മോദിക്ക് ധൈര്യമുണ്ടോ? -കോൺഗ്രസ്

ന്യൂഡൽഹി: നൂറിലേറെ ഇന്ത്യക്കാരെ കൈവിലങ്ങിട്ടും കാലിൽ ചങ്ങലയിട്ടും സൈനിക വിമാനത്തിൽ അമേരിക്ക നാടുകടത്തിയത് മനുഷ്യത്വരഹിതമാണെന്ന് പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോ എന്ന് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് മോദിയോട് ഈ ചോദ്യമുന്നയിച്ചത്.

കൈവിലങ്ങിട്ടും കാലിൽ ചങ്ങലയിട്ടും ചരിത്രത്തിലൊരിക്കലും സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് നാടുകടത്തിയിട്ടില്ലെന്ന് ജയ്റാം ചൂണ്ടിക്കാട്ടി. ഒരു സുഹൃദ് രാജ്യത്തിൽനിന്നുള്ള ഈ നടപടി മനുഷ്യത്വരഹിതവും ഇന്ത്യക്ക് അസ്വീകാര്യവുമാണെന്ന് പറയാൻ മോദിക്ക് കഴിയുമോ? ഇത്തവണ തന്റെ സുഹൃത്ത് ട്രംപിനെ കെട്ടിപ്പിടിക്കാൻ മുതിരാതെ അരികിൽ നിൽക്കുമോ എന്നും ജയ്റാം പരിഹാസ സ്വരത്തിൽ ചോദിച്ചു.

യൂട്യൂബറുടെ അശ്ലീല ഹാസ്യം: പാർലമെന്റിൽ പ്രതിഷേധം

ന്യൂഡൽഹി: യൂട്യൂബ് പരിപാടിക്കിടെ അശ്ലീല പരാമർശം നടത്തിയതിന് ‘ബീർ ബൈസപ്സ്’ എന്നറിയപ്പെടുന്ന രൺവീർ അല്ലാബാദിയക്കെതിരെ പാർലമെന്റിൽ പ്രതിഷേധവുമായി എം.പിമാർ. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എം.പിമാരാണ് ചൊവ്വാഴ്ച പാർലമെന്റിന്റെ ഇരുസഭകളിലും വിഷയം ഉന്നയിച്ചത്. ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന പരിപാടിയിലാണ് അല്ലാബാദിയ മാതാപിതാക്കളെയും ലൈംഗികതയെയും കുറിച്ച് അശ്ലീല പരാമർശം നടത്തിയത്.

ഒരുവേദി കിട്ടുകയാണെങ്കിൽ എന്തും വിളിച്ചുപറയാമെന്നു കരുതരുതെന്ന് രാജ്യസഭയിൽ വിഷയം ഉന്നയിച്ച പ്രിയങ്ക ചതുർവേദി പറഞ്ഞു. പ്രധാനമന്ത്രി അദ്ദേഹത്തിന് അവാർഡ് നൽകിയിട്ടുണ്ട്. വാർത്താവിനിമയ മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി അംഗമെന്ന നിലയിൽ പ്രതികരിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.

വിഷയത്തിൽ ആവശ്യമായ നടപടിയെടുക്കണമെന്ന് പ്രിയങ്ക ചതുർവേദിയെ പിന്തുണച്ച് ബിജു ജനതാദൾ എം.പി സസ്മിത് പത്രയും ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങൾ അതിരുവിടുന്നത് തടയാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ലോക്സഭയിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എം.പി നരേഷ് മാസകെയും ആവശ്യപ്പെട്ടു.

Tags:    
News Summary - Deportation of Indians: Will PM Modi stand up to his friend Trump -Jairam Ramesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.