ന്യൂഡൽഹി: ബയോമെഡിക്കൽ മാലിന്യം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ച 17 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി.പി.സി.ബി) നാഷനൽ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു.
17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബയോമെഡിക്കൽ മാലിന്യങ്ങൾ ആഴത്തിൽ കുഴിച്ചിട്ട് സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.സി.ബി സമർപ്പിച്ച റിപ്പോർട്ട് ബെഞ്ച് പരിശോധിച്ചു. ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് ചട്ടപ്രകാരം പരിമിതമായ സാഹചര്യങ്ങളിൽ മാത്രം അനുവദനീയമായ ഒന്നാണ് ആഴത്തിൽ കുഴി കുഴിച്ച് സംസ്കരിക്കുന്ന രീതി. പൊതുവായ ബയോമെഡിക്കൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ലഭ്യമല്ലാത്ത ഗ്രാമീണ അല്ലെങ്കിൽ വിദൂര പ്രദേശങ്ങളിൽ മാത്രമേ ഇത് അനുവദനീയമുള്ളൂ. കൂടാതെ, അതത് സംസ്ഥാന അതോറിറ്റിയുടെ മുൻകൂർ അനുമതിയും ആവശ്യമാണ്.
ആഴത്തിൽ കുഴി കുഴിച്ച് സംസ്കരിക്കുന്ന രീതി അവലംബിക്കുന്ന ആകെ 9178 ആരോഗ്യ സ്ഥാപനങ്ങളിൽ 5715 സ്ഥാപനങ്ങൾ മാത്രമാണ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നത്. ഭൂഗർഭ ജലനിരപ്പ് കുഴിയുടെ ആറ് മീറ്റർ താഴെയായിരിക്കണമെന്ന വ്യവസ്ഥ പാലിക്കാത്ത 477 സ്ഥാപനങ്ങളും, കൃത്യമായ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന 341 സ്ഥാപനങ്ങളുമാണ് പ്രധാന ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയത്. പല സംസ്ഥാനങ്ങളും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വലിയ വീഴ്ച വരുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉത്തർപ്രദേശിലെ 111 സ്ഥാപനങ്ങളും രാജസ്ഥാനിലെ 33 സ്ഥാപനങ്ങളും ചട്ടങ്ങൾ പൂർണമായും ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ചട്ടങ്ങൾ പാലിക്കാത്ത സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മലിനീകരണ നിയന്ത്രണ ബോർഡുകൾക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും എട്ട് ആഴ്ചക്കകം ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും സി.പി.സി.ബി കൗൺസിൽ ട്രൈബ്യൂണലിനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.