അരുൺ പന്നലാൽ

ബി.ജെ.പി നേതാവിന്റെ പരാതിയിൽ ക്രിസ്ത്യൻ നേതാവ് ജയിലിൽ

റായ്പൂർ: സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിന്റെ പേരിൽ ഛത്തീസ്ഗഢ് ക്രിസ്ത്യൻ ഫോറം പ്രസിഡന്റും പ്രമുഖ ക്രിസ്ത്യൻ അവകാശ പ്രവർത്തകനുമായ അരുൺ പന്നലാലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വെള്ളിയാഴ്ച രാത്രി അറസ്റ്റിലായ അദ്ദേഹത്തെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

ഹിന്ദുത്വ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് ബി.ജെ.പി നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അരുൺ പന്നലാലിനെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തുക, മതവികാരം ബോധപൂർവ്വം വ്രണപ്പെടുത്തുക, സമാധാനാന്തരീക്ഷം തകർക്കാനുള്ള ഉദ്ദേശ്യത്തോടെ അപമാനിക്കുക തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) വിവിധ ഗൗരവമേറിയ വകുപ്പുകളാണ് അദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്നത്. അരുൺ പന്നലാൽ സാമൂഹിക മാധ്യമത്തിൽ എഴുതിയ കമന്റ് ഹിന്ദു സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘടനകൾ രംഗത്തുവന്നത്. തുടർന്ന് ബി.ജെ.പി നേതാവ് പൊലീസിൽ പരാതി നൽകുകയും അതിവേഗം നടപടിയെടുക്കുകയുമായിരുന്നു.

ഛത്തീസ്ഗഢിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ അവകാശങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തിയാണ് അരുൺ പന്നലാൽ. സംസ്ഥാനത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെയുണ്ടായ അതിക്രമങ്ങളും അവർ നേരിടുന്ന വിവേചനങ്ങളും അദ്ദേഹം നിരന്തരം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യാവകാശങ്ങൾക്കും ന്യൂനപക്ഷ അവകാശങ്ങൾക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾക്കിടയിലാണ് ഈ നിയമനടപടി ഉണ്ടായിരിക്കുന്നത്.

Tags:    
News Summary - ബി.ജെ.പി നേതാവിന്റെ പരാതിയിൽ ക്രിസ്ത്യൻ നേതാവ് ജയിലിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.