ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) മുൻ അധ്യക്ഷനും ബി.ജെ.പി മുൻ എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ ഡൽഹി കോടതിയുടെ ആശ്വാസവിധി. ഡൽഹി റൗസ് അവന്യൂ കോടതിയാണ് ബ്രിജ് ഭൂഷണെയും സഹപ്രതിയെയും ഡബ്ല്യു.എഫ്.ഐ മുൻ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനെയും കുറ്റവിമുക്തരാക്കിയത്. ആറ് വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ വ്യാജവും കെട്ടിച്ചമച്ചതുമാണ് എന്നും ഇതിനുപിന്നിൽ രാഷ്ട്രീയ പ്രേരിതമായ ആഴത്തിലുള്ള ഗൂഢാലോചനയുണ്ട് എന്നും കോടതി നിരീക്ഷിച്ചു.
ബ്രിജ് ഭൂഷണെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതും രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അശ്വനി പൻവാർ വ്യക്തമാക്കി. ജന്തർ മന്തറിൽ സമരം ആരംഭിക്കുന്നതിന് മുൻപ് പരാതിക്കാരായ താരങ്ങൾ ഇത്തരത്തിലുള്ള ലൈംഗികാതിക്രമ പരാതികൾ ഉന്നയിച്ചിരുന്നില്ല. പിന്നീട് തയ്യറാക്കപ്പെട്ട പരാതികളിലാണ് ലൈംഗികാതിക്രമ കേസ് ഉൾപ്പെടുത്തിയതെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
അതേസമയം, കുറ്റപത്രം സമർപ്പിച്ച കേസിൽ സാക്ഷികളിൽ ചിലർ മൊഴി മാറ്റിപറഞ്ഞിരുന്നു. മറ്റുള്ളവരുടെ സമ്മർദ്ദത്തിലാണ് തങ്ങൾ മൊഴി നൽകേണ്ടി വന്നതെന്ന് ഇവർ കോടതിയെ അറിയിക്കുകയുണ്ടായി. അതിനാൽ തന്നെ ഈ മൊഴികൾ കൂടുതൽ വിശ്വസനീയമാണെന്ന് കോടതി കണ്ടെത്തി. പരാതി നൽകുന്നതിലുണ്ടായ കാലതാമസവും മൊഴികളിലെ വൈരുദ്ധ്യങ്ങളും പ്രോസിക്യൂഷന്റെ വാദങ്ങളെ ദുർബലപ്പെടുത്തിയതായി കോടതി നിരീക്ഷിച്ചു.
ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റങ് പുനിയ എന്നിവരുടെ നേതൃത്വത്തിലാണ് ഡൽഹി ജന്തർ മന്തറിൽ മാസങ്ങൾ നീണ്ട പ്രതിഷേധം നടത്തിയത്. ലൈംഗികാതിക്രമ പരാതികളിൽ കർശന നടപടി ആവശ്യപ്പെട്ടായിരുന്നു പ്രമുഖ താരങ്ങൾ തെരുവിൽ സമരം ചെയ്തത്. തുടർന്ന്, സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് 2023 ഏപ്രിലിൽ ഡൽഹി പൊലീസ് ബ്രിജ് ഭൂഷണെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തുടർന്ന് 2023 ജൂൺ 15ന് 1500ലധികം പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.
2024 മേയ് മാസത്തിൽ കോടതി ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തി വിചാരണ ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത ഗുസ്തി താരം നൽകിയ പരാതിയിൽ തെളിവുകളുടെ അഭാവം മൂലം പൊലീസ് നൽകിയ ക്യാൻസലേഷൻ റിപ്പോർട്ട് 2025 മേയ് മാസത്തിൽ ഡൽഹി കോടതി അംഗീകരിക്കുകയും ആ കേസ് ഔദ്യോഗികമായി അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഡൽഹി റൗസ് അവന്യൂ കോടതിയിൽ കർശന സുരക്ഷയോടെ അടച്ചിട്ട മുറിയിലാണ് വിചാരണ നടപടികൾ പൂർത്തിയായത്. കേസിന്റെ ഭാഗമായി പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് ആകെ 32 സാക്ഷികളെയാണ് വിസ്തരിച്ചത്.
അതേസമയം, കോടതി വിധിക്കെതിരെ ഉയർന്ന കോടതിയിൽ അപ്പീൽ പോകുമെന്ന് ഗുസ്തി താരങ്ങൾ വ്യക്തമാക്കി. വിധി അങ്ങേയറ്റം നിരാശാജനകമാണെന്ന് താരങ്ങളെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷക റബേക്ക ജോൺ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.