ന്യൂഡൽഹി: ഉത്തർപ്രദേശിലെ സഹാരൻപൂരിലുള്ള പ്രശസ്തമായ ഇസ്‍ലാമിക വിജ്ഞാനകേന്ദ്രം ദാറുൽ ഉലൂം ദയൂബന്ദിൽ ചൊവ്വാഴ്ച എത്തി ഗംഗാജലം അർപ്പിക്കുമെന്ന് ‘ഹിന്ദു രക്ഷാ ദൾ’. സ്ഥാപനത്തിനടിയിൽ ശിവലിംഗമുണ്ടെന്ന വിവാദ അവകാശവാദവുമായിട്ടാണ് സംഘടനയുടെ പ്രഖ്യാപനം. പ്രമുഖ വാർത്ത ഏജൻസിയായ പി.ടി.ഐ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ശനിയാഴ്ച പുറത്തുവിട്ട ഒരു വിഡിയോ സന്ദേശത്തിലാണ് ഹിന്ദു രക്ഷാ ദൾ ഉത്തരാഖണ്ഡ് സംസ്ഥാന പ്രസിഡന്‍റ് ലളിത് ശർമ ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനയുടെ ദേശീയ പ്രസിഡന്‍റ് പിങ്കി ചൗധരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഹരിദ്വാറിൽനിന്ന് ഗംഗാജലവുമായി ദിയോബന്ദിലേക്ക് യാത്ര തിരിക്കുമെന്നാണ് ലളിത് ശർമ അറിയിച്ചിരിക്കുന്നത്.
ദാറുൽ ഉലൂം പരിസരത്ത് ശിവക്ഷേത്രമുണ്ടെന്ന തങ്ങളുടെ അവകാശവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംഘടന നേരത്തെ സഹാറൻപൂർ ഭരണകൂടത്തെ സമീപിച്ചിരുന്നുവെന്നും എന്നാൽ പരാതിയിൻമേൽ യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്നും ലളിത് ശർമ ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്ഥാപനത്തിൽ നേരിട്ടെത്തി ഗംഗാജലം അർപ്പിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വിഡിയോയിൽ പറഞ്ഞു.
അതേസമയം, പ്രകോപനപരമായ നീക്കത്തെ പ്രതിരോധിക്കാൻ കർശന മുന്നറിയിപ്പുമായി പൊലീസും രംഗത്തെത്തിയിട്ടുണ്ട്. സമാധാനാന്തരീക്ഷം തകർക്കാൻ യാതൊരുവിധ ശ്രമങ്ങളും അനുവദിക്കില്ലെന്ന് ദയൂബന്ദ് സർക്കിൾ ഓഫിസർ അമിത് കുമാർ സിങ് വ്യക്തമാക്കി. അന്തരീക്ഷം വഷളാക്കാൻ ശ്രമിക്കുന്ന ആർക്കെങ്കിലും എതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
ദയൂബന്ദ് നിലനിൽക്കുന്നിടത്ത് പണ്ട് ശിവക്ഷേത്രമുണ്ടായിരുന്നുവെന്ന അവകാശവാദവുമായി തീവ്രവലതുപക്ഷ സംഘടനകൾ മുമ്പും രംഗത്ത് എത്തിയിരുന്നു. ഹിന്ദു രക്ഷാദൾ എന്ന സംഘടനയുടെ നേതൃത്വത്തിൽ ജില്ല ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും, ഈ അവകാശവാദത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു.
ദാറുൽ ഉലൂം ദയൂബന്ദ് കാമ്പസിന് ഏകദേശം 14 അടി താഴെയായി ഒരു ശിവക്ഷേത്രം മണ്ണിൽ പുതഞ്ഞുകിടപ്പുണ്ടെന്നാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഹിന്ദു രക്ഷാദൾ നേതാവ് ലളിത് ശർമ അവകാശപ്പെടുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.