എസ്.ഐ.ആർ: ഝാർഖണ്ഡിൽ ന്യൂനപക്ഷ വോട്ടുകൾ വെട്ടിമാറ്റാൻ ബി.ജെ.പി നീക്കം; ബി.എൽ.ഒമാരുമായി തർക്കം

ഗോഡ്ഡ: ഝാർഖണ്ഡിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ബി.ജെ.പി ഏജന്റുമാർ ശ്രമിക്കുന്നതായി റിപ്പോർട്ട്. സംസ്ഥാനത്ത് നടക്കുന്ന പ്രത്യേക സമഗ്ര വോട്ടർപട്ടികയുടെ (എസ്.ഐ.ആർ) ഭാഗമായി പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ഉൾപ്പെട്ടവരെ ഒഴിവാക്കാൻ ബി.ജെ.പി ബൂത്ത് ലെവൽ ഏജന്റുമാർ (ബി.എൽ.എ) ഫോം 7 അപേക്ഷകൾ കൂട്ടത്തോടെ സമർപ്പിക്കുന്നതായി 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു. ഗോഡ്ഡയിലെ മഹേഷ്ടിക്രി, പച്ചുവ കിറ്റ, ലോച്‌നി, ബാഗകോള്‍ എന്നീ ബൂത്തുകളിലാണ് ബി.ജെ.പി ഏജന്റുമാർ വെട്ടിമാറ്റൽ ശ്രമം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഗോഡ്ഡ ജില്ലയിൽ കഴിഞ്ഞ ദിവസം ഇത്തരത്തിൽ ബി.ജെ.പി ബി.എൽ.എ സമർപ്പിച്ച 75 ഫോമുകള്‍ ബി.എൽ.ഒ സ്വീകരിക്കാൻ തയ്യാറാവാത്തതിനെ തുടർര്‍ന്ന് കത്തിച്ചുകളഞ്ഞു. അബ്ദുൽ മന്നാന്‍ ഖാന്‍, മൊഹമ്മദ് നൗഷാദ്, മൊഹമ്മദ് ഷഫീഖ്, ബിബി ബസിലന്‍, മൊഹമ്മദ് അസ് ലം തുടങ്ങിയവരുടെ പേരിലുള്ള ഫോമുകളായിരുന്നു ബി.ജെ.പി ബി.എൽ.എ കൊണ്ടുവന്നത്. എന്നാൽ ഇവയിൽ ഭൂരിഭാഗവും വ്യാജവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) അവ നിരസിക്കുകയായിരുന്നു.

ബി.ജെ.പിയുടെ ഒരു ബി.എൽ.എ 25ഓളം അപേക്ഷാ ഫോമുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അവ യഥാർഥമായിരുന്നില്ലെന്നും മഹേഷ്ടിക്രിയിലെ ബി.എൽ.ഒ ആയ അനീഷ ബാനോ 'ദി ഇന്ത്യൻ എക്‌സ്പ്രസിനോട്' പറഞ്ഞു. അതേസമയം ഔദ്യോഗിക ഫോമുകളല്ല സമർപ്പിച്ചതെന്നും അപേക്ഷകളുടെ ഉറവിടം വ്യക്തമല്ലാത്തതിനാൽ നടപടി സ്വീകരിക്കരുതെന്ന് ബി.എൽ.ഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ മാരണ്ടി അറിയിച്ചു. ജെ.എം.എം-കോണ്‍ഗ്രസ് സഖ്യം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ജീവനക്കാരാണ് ബി.എല്‍.ഒമാര്‍.

അപേക്ഷ സ്വീകരിക്കാൻ മടിച്ച ബി.എൽ.ഒമാർക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. അതേസമയം, വോട്ടർപട്ടികയിൽ നിന്ന് മുസ്‌ലിം വോട്ടർമാരെ ബോധപൂർവം ഒഴിവാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ബി.ജെ.പി നടത്തുന്നതെന്ന് ഭരണകക്ഷിയായ ജെ.എം.എമ്മും കോൺഗ്രസും പറഞ്ഞു. ഇത് രാഷ്ട്രീയമായ ഒരു മാനം കൈവരിക്കുകയും, താഴെത്തട്ടിലുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങളെത്തിക്കുകയും ചെയ്തിരിക്കുകയാണ്. വെട്ടിമാറ്റാന്‍ ലക്ഷ്യമിട്ടവര്‍ തലമുറകളായി ഗ്രാമത്തില്‍ താമസിച്ചു വരുന്നവരാണെന്നും അവരില്‍ പലരുടെയും പേരുകള്‍ 2003-ലെ തീവ്ര വോട്ടര്‍ പട്ടികയിൽ രേഖപ്പെടുത്തിയതാണെന്നും കണ്ടെത്തിയതായും 'ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Jharkhand sir godda form 7 muslim voters name deleted bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.