കിംനിയോ ഹാവോകിപ് ഹാംഗ്ഷിംഗ്, ഹാവോഖോലെറ്റ് കിപ്ജെൻ

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മണിപ്പൂർ നിയമസഭയിൽ നേരിട്ടെത്തി കുക്കി ജനപ്രതിനിധികൾ

ഇംഫാൽ: 2023 മെയ് മാസത്തിൽ പൊട്ടിപ്പുറപ്പെട്ട മെയ്തി-കുക്കി വംശീയ കലാപത്തിന് ശേഷം ആദ്യമായി കുക്കി-സോ സമുദായത്തിൽ നിന്നുള്ള രണ്ട് എംഎൽഎമാർ മണിപ്പൂർ നിയമസഭാ സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്തു. കുകി പീപ്പിൾസ് അലയൻസ് നേതാവും സൈകുൽ മണ്ഡലം എംഎൽഎയുമായ കിംനിയോ ഹാവോകിപ് ഹാംഗ്ഷിംഗ്, സെയ്തു മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ഹാവോഖോലെറ്റ് കിപ്ജെൻ എന്നിവരാണ് മെയ്തി ഭൂരിപക്ഷ പ്രദേശമായ ഇംഫാലിലെ നിയമസഭാ മന്ദിരത്തിലെത്തി സമ്മേളനത്തിന്റെ ആദ്യദിന നടപടികളിൽ പങ്കാളികളായത്. കാങ്പോക്പി ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളാണ് ഇരുവരും.

കുക്കി വിഭാഗത്തിന് പ്രത്യേക ഭരണസംവിധാനം വേണമെന്ന രാഷ്ട്രീയ ഒത്തുതീർപ്പ് ഉണ്ടാകുന്നതുവരെ ഒരു കുക്കി എംഎൽഎയും ഇംഫാലിലേക്ക് യാത്ര ചെയ്യരുതെന്ന കുക്കി പരമോന്നത സംഘടനയായ കുക്കി ഇൻപി മണിപ്പൂരിന്റെ (കെ.ഐ.എം) കർശന നിർദ്ദേശം മറികടന്നാണ് ഇരുവരും സഭയിലെത്തിയത്. മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് ഇരു എംഎൽഎമാരെയും നിയമസഭയിലേക്ക് സ്വാഗതം ചെയ്തു. ഇത് ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുള്ള ശുഭസൂചനയാണെന്നും, കൂട്ടായ ശ്രമങ്ങളിലൂടെ സംസ്ഥാനത്തിന് സമാധാനത്തിലേക്ക് മുന്നേറാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള വിശ്വാസക്കുറവ് പരിഹരിക്കാൻ സർക്കാർ നിരന്തരമായി നടത്തുന്ന ശ്രമങ്ങളുടെ ഫലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻപ് സഭാ സമ്മേളനങ്ങളിൽ കുക്കി എംഎൽഎമാർ ഓൺലൈൻ വഴി മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. 250-ലധികം ആളുകളുടെ മരണത്തിനും അറുപതിനായിരത്തിലേറെ പേർ പലായനം ചെയ്യപ്പെടുന്നതിനും ഇടയാക്കിയ വംശീയ കലാപത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇരു ജനവിഭാഗങ്ങൾക്കുമിടയിലെ രാഷ്ട്രീയ മഞ്ഞുരുക്കത്തിന് വഴിയൊരുക്കി കുക്കി എംഎൽഎമാർ തലസ്ഥാനമായ ഇംഫാലിൽ നേരിട്ടെത്തുന്നത്.മണിപ്പൂരിൽ നിലവിൽ ഒമ്പത് കുക്കി-സോ നിയമസഭാംഗങ്ങളുണ്ട്. 2023 മെയ് 3 ന് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇംഫാലിൽ ഉണ്ടായ ഒരു ആൾക്കൂട്ട ആക്രമണത്തിനിടെ ഗുരുതരമായ പരിക്കുകൾ മൂലം ദീർഘകാലമായി അസുഖബാധിതനായിരുന്ന വുങ്സാഗിൻ വാൽട്ടെ എന്ന മറ്റൊരു എംഎൽഎ ഈ വർഷം ആദ്യം മരണപ്പെട്ടിരുന്നു.

Tags:    
News Summary - Two Kuki-Zo MLAs Attend Manipur Assembly in Person for First Time Since 2023 Violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.