ന്യൂഡൽഹി: 2020ലെ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ, മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈൻ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിന്റെ നിലപാട് തേടി ഡൽഹി ഹൈകോടതി. താഹിർ ഹുസൈന് ജാമ്യം നിഷേധിച്ച് ജനുവരി 29ന് വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലിലാണ് ജസ്റ്റിസുമാരായ നീന ബൻസൽ കൃഷ്ണ, മധു ജെയിൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നാലാഴ്ചക്കകം മറുപടി നൽകാൻ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടത്.
പൊലീസിന് മറുപടി ഫയൽ ചെയ്യാൻ സമയം അനുവദിക്കണമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു അഭ്യർഥിച്ചു. കേസ് ജൂലൈ 14ലേക്ക് മാറ്റിയ ബെഞ്ച്, അപ്പീൽ ഫയൽ ചെയ്യുന്നതിലുണ്ടായ 87 ദിവസത്തെ താമസം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹുസൈൻ സമർപ്പിച്ച അപേക്ഷയിലും മറുപടി നൽകാൻ പൊലീസിന് സമയം അനുവദിച്ചു.
2020 ഫെബ്രുവരിയിൽ 53 പേരുടെ മരണത്തിനും എഴുന്നൂറിലധികം പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ഡൽഹി കലാപത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണ് താഹിർ ഹുസൈൻ എന്ന് ആരോപിച്ചാണ് താഹിർ ഹുസൈൻ ഉൾപ്പെടെയുള്ളവർക്കെതിരെ യു.എ.പി.എ ചുമത്തി പൊലീസ് കേസെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടയിലാണ് ഡൽഹിയിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.