ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തി ജയിലിൽ അടക്കപ്പെട്ട പൗരത്വ സമര വിദ്യാർഥി നേതാക്കളും ആക്ടിവിസ്റ്റുകളുമായ ഉമർ ഖാലിദ്, ശർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ, ശദാബ് അഹ്മദ് തുടങ്ങിയ ആറ് പേരുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതിയിൽ വാദം കേൾക്കൽ തുടരുന്നു.
ജാമ്യാപേക്ഷ നൽകിയവരുടെ വാദം വ്യാഴാഴ്ച പൂർത്തിയായി. ജാമ്യത്തെ എതിർത്തുള്ള പൊലീസിന്റെ വാദം ചൊവ്വാഴ്ച ആരംഭിക്കും. ജാമ്യം നിഷേധിച്ചുള്ള സെപ്റ്റംബർ രണ്ടിലെ ഡൽഹി ഹൈകോടതി വിധിക്കെതിരെ നൽകിയ ഹരജിയിൽ ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്.
പ്രതിഷേധം സംഘടിപ്പിക്കുന്നതോ അതിൽ പങ്കെടുക്കുന്നതോ ക്രിമിനൽ നടപടിയായി കണക്കാക്കാനാവില്ലെന്ന് ശദാബ് അഹ്മദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലുത്ര വാദിച്ചു. പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിനിടെ വനിത പ്രതിഷേധക്കാരെ പിന്തുണച്ചതിനും ചാന്ദ് ബാഗിലെ റോഡ് ഉപരോധിച്ചതിനുമാണ് ശദാബ് അറസ്റ്റിലായത്. വിയോജിപ്പിനുള്ള ജനാധിപത്യ അവകാശം വിനിയോഗിച്ചതിനാണ് അദ്ദേഹം ശിക്ഷിക്കപ്പെടുന്നത്.
പ്രതിഷേധവും ഗൂഢാലോചനയും തമ്മിലുള്ള വ്യത്യാസം അംഗീകരിക്കണം. സമാധാനപരമായ വിയോജിപ്പും പ്രതിഷേധവും കുറ്റകൃത്യങ്ങളായി മാറിയാൽ ജനാധിപത്യത്തിന്റെ അടിത്തറയെ ബാധിക്കുമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.