ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ പ്രഫസറുടെ കൊലപാതക കേസ് വെറും മൂന്ന് ദിവസത്തിനുള്ളിലാണ് പൊലീസ് ചുരുളഴിച്ചത്. കേസിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തർക്കത്തെ തുടർന്ന് കൊലപാതകം നടത്തുന്നതിനായി പ്രതികൾ ബംഗാളിൽ നിന്ന് ഏകദേശം 1,400 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഡൽഹിയിലെത്തിയത്.
ഡൽഹി ശിവജി കോളജിലെ അസിസ്റ്റന്റ് പ്രഫസറായ ദേബോസ്മിത പോളിനെയാണ് കഴിഞ്ഞ ബുധനാഴ്ച കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിലുള്ള സത്യം അപ്പാർട്ട്‌മെന്റിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ വ്യാപകമായ റെയ്ഡുകൾക്കൊടുവിൽ പശ്ചിമ ബംഗാളിലെ ബർധമാനിൽ നിന്നാണ് പ്രതികളായ രാംപ്രസാദ് ദാസ്, ബൻശ്രീ ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികളുടെ പ്രായപൂർത്തിയാകാത്ത മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ദമ്പതികളെ പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ശേഷം, കൂടുതൽ അന്വേഷണങ്ങൾക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകാൻ ട്രാൻസിറ്റ് റിമാൻഡ് അപേക്ഷ നൽകാനാണ് ഡൽഹി പൊലീസിന്റെ തീരുമാനം.
കൊലപാതകം നടന്നത് ഇങ്ങനെ
ബർധമാൻ സ്വദേശികളായ പ്രതികൾ ദേബോസ്മിതയെ കാണാനെന്ന വ്യാജേനയാണ് ഇവർ ഡൽഹിയിലെത്തിയത്. വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തിന് ശേഷം 2022-ൽ ദേബോസ്മിത ഭർത്താവുമായി വേർപിരിഞ്ഞിരുന്നു. ഭർത്താവ് ബംഗളൂരുവിലാണ്. ദേബോസ്മിത ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു താമസം.
ബുധനാഴ്ച, പ്രതികൾ മുഖംമൂടി ധരിച്ച് ഇവരുടെ ഫ്ലാറ്റ് സന്ദർശിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഏതാനും ബാഗുകളുമായി ഒരു സ്വകാര്യ ടാക്സിയിലാണ് പ്രതികൾ എത്തിയത്. ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാനും സംശയം തോന്നാതിരിക്കാനുമാണ് ഇവർ പ്രായപൂർത്തിയാകാത്ത മകനെയും ഒപ്പം കൂട്ടിയത്. ലിഫ്റ്റ് ഒഴിവാക്കി പടികൾ വഴിയാണ് ഇവർ ആറാം നിലയിലെ ഫ്ലാറ്റിലെത്തിയത്. പരിചയക്കാരായതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ വീട്ടിൽ പ്രവേശിച്ച ഇവർ, തങ്ങൾ കൂടെക്കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ദേബോസ്മിതയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം വസ്ത്രം മാറി ഏകദേശം 30 മിനിറ്റിനുള്ളിൽ തന്നെ ഇവർ താഴെ കാത്തു കിടന്നിരുന്ന ടാക്സിയിൽ കയറി രക്ഷപ്പെട്ടു. പിന്നീട് ഈ ടാക്സി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചതാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്.
ബുധനാഴ്ച അപ്പാർട്ട്‌മെന്റ് സന്ദർശിച്ച 200ഓളം ആളുകളിൽ നിന്ന് സംശയാസ്പദമായ 13 പേരെ പൊലീസ് ചോദ്യം ചെയ്തു. കൂടാതെ ഏഴ് പൊലീസ് ഗ്രൂപ്പുകളായി തിരിഞ്ഞ് നാല് സംസ്ഥാനങ്ങളിലായി റെയ്ഡ് നടത്തുകയും നൂറുകണക്കിന് ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതാണ് കേസ് വേഗത്തിൽ തെളിയാൻ സഹായിച്ചത്. ഒടുവിൽ ബർധമാനിൽ വെച്ച് പ്രതികളെ പിടികൂടുകയായിരുന്നു.
ദേബോസ്മിതയുടെ പേരിൽ പശ്ചിമ ബംഗാളിൽ ഒരു സ്വത്തുണ്ടായിരുന്നു. അമ്മയുടെ പിതാവിന്റെ മരണശേഷമാണ് കോടികൾ വിലമതിക്കുന്ന ഈ സ്വത്ത് ഇവർക്ക് ലഭിക്കുന്നത്. പ്രതികൾ ഈ വീട്ടിലെ വാടകക്കാരായിരുന്നു. ഈ സ്വത്ത് എങ്ങനെയെങ്കിലും സ്വന്തമാക്കാൻ ഇവർ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ വീട് ഒഴിഞ്ഞുതരണമെന്ന് ദേബോസ്മിത ഇവരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഇവരെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കാൻ ദമ്പതികൾ പദ്ധതിയിട്ടതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വ്യാഴാഴ്ച ദേബോസ്മിതയുടെ സഹോദരി ദേവാരതിയാണ് സഹോദരി മരിച്ച വിവരം പോലീസിനെ അറിയിക്കുന്നത്. ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സഹോദരിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ ദേവാരതി വീട് തല്ലിപ്പൊളിച്ച് അകത്തുകടക്കുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലും കൈത്തണ്ടയിലെ ഞരമ്പുകൾ മുറിഞ്ഞ നിലയിലുമാണ് ദേബോസ്മിതയെ കണ്ടെത്തിയത്. വീട്ടിലെ സ്വർണാഭരണങ്ങളോ പണമോ ഒന്നും നഷ്ടപ്പെടാത്തതിനാൽ ഇത് കവർച്ചക്ക് വേണ്ടിയുള്ള കൊലപാതകമല്ലെന്ന് പൊലീസ് തുടക്കത്തിൽ തന്നെ ഉറപ്പിച്ചിരുന്നു. തുടർന്ന് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.