മുസ്‍ലിം പള്ളിയിൽ കയറി ഡൽഹി പൊലീസിന്റെ ‘സൗജന്യ പ്രഭാഷണം’ ഈ സർക്കാർ ഭയന്നു എന്നതിന്റെ തെളിവ് -ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന സമരങ്ങളിൽ പങ്കെടുക്കരുതെന്ന് ഡൽഹി പൊലീസ് മുസ്‍ലിം പള്ളികളിൽ കയറി പറയുന്നത് ഈ സർക്കാർ അങ്കലാപ്പിലാണെന്നതിന്റെ വ്യക്തമായ തെളിവാണെന്ന് ജോൺ ബ്രിട്ടാസ് എം.പി. ജനം ഈ പ്രതിഷേധത്തിനൊപ്പമാണെന്ന് സർക്കാർ മനസ്സിലാക്കിക്കഴിഞ്ഞു. അതിനെ ഏതുവിധേനയും തകർക്കാനാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്. എന്നാൽ, ഇതെല്ലാം ഈ പ്രക്ഷോഭത്തെ കൂടുതൽ ആളിക്കത്തിക്കാനേ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
‘ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ പഴയ ഡൽഹിയിലെ ഒരു പള്ളിയിൽ എത്തുകയും, ഫോണിൽ നിന്നുള്ള വിവരങ്ങൾ വായിച്ചുകേൾപ്പിച്ചുകൊണ്ട് ഒക്ടോബർ 10-ന് സി.ജെ.പി നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് ആളുകളോട് ആവശ്യപ്പെടുകയും ചെയ്യുന്ന ദൃശ്യമാണിത്. "നിങ്ങളുടെ കൂട്ടുകാരോടും കുടുംബാംഗങ്ങളോടും കുട്ടികളോടും അനാവശ്യമായി കൂട്ടം കൂടുകയോ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയോ ചെയ്യരുതെന്ന് ഉപദേശിക്കുക" എന്നാണ് അദ്ദേഹം പരസ്യമായി ആവശ്യപ്പെടുന്നത്.
ഡൽഹി പോലീസിന്റെ ഈ 'പ്രതിഷേധിക്കരുത്' എന്ന സൗജന്യ പ്രഭാഷണം വ്യക്തമാക്കുന്നത് ഒന്നാണ്-ഈ സർക്കാർ അങ്കലാപ്പിലാണ്, ഭയന്നു കഴിഞ്ഞിരിക്കുന്നു. ജനം ഈ പ്രതിഷേധത്തിനൊപ്പമാണെന്ന് അവർ മനസ്സിലാക്കിക്കഴിഞ്ഞു. അതിനെ ഏതുവിധേനയും തകർക്കാനാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്. എന്നാൽ, ഇതെല്ലാം ഈ പ്രക്ഷോഭത്തെ കൂടുതൽ ആളിക്കത്തിക്കാനേ ഉപകരിക്കൂ’ -വിഡിയോ ദൃശ്യം പങ്കുവെച്ച് ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.
ഡൽഹി പ്രക്ഷോഭം ഒതുക്കാൻ വിദ്യാർഥി നേതാക്കളെ കസ്റ്റഡിയിൽ എടുക്കുന്നതിനെതിരെയും ബ്രിട്ടാസ് രംഗത്തുവന്നു. എന്തുവന്നാലും ഈ പ്രക്ഷോഭത്തിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘പ്രക്ഷോഭത്തിൽ പങ്കെടുക്കാതിരിക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ഐ.എസ്.എ തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ നൂറുകണക്കിന് ഭാരവാഹികളെയും പ്രവർത്തകരെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഡൽഹിയിലെ മുസ്‍ലിം പള്ളികളിൽ ചെന്ന് ജന്തർ മന്തറിലേക്ക് പോകരുതെന്നും ഈ പ്രക്ഷോഭത്തിൽ പങ്കുചേരരുതെന്നും ഡൽഹി പൊലീസ് ഭീഷണി മുഴക്കുകയാണ്. എന്നാൽ, ഒരു കാര്യം ഒന്നുകൂടി വ്യക്തമായി പറയാം: എന്തുവന്നാലും, എങ്ങനെയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും ഈ പ്രക്ഷോഭത്തിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോകില്ല!’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.