തലയടിച്ച് പൊട്ടിച്ചെന്ന് വെളിപ്പെടുത്തിയ ഹിന്ദുത്വനേതാവിനെതിരെ കേസെടുക്കും; സി.ജെ.പി പ്രതിഷേധം തൽക്കാലം നിർത്തി
ന്യൂഡൽഹി: ശക്തമായ പ്രതിഷേധത്തിനൊടുവിൽ ഡൽഹി പൊലീസ് പാറ്റകൾക്കു മുന്നിൽ മുട്ടുമടക്കി. ജന്തർ മന്തറിലെ സമരത്തിനിടെ ദലിത് ആക്ടിവിസ്റ്റിന്റെ പിതാവിനെ ക്രൂരമായി മർദ്ദിച്ച സ്വതന്ത്ര ഭരദ്വാജിനെതിരെ വധശ്രമമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുക്കാമെന്നും പൊലീസ് ഉറപ്പുനൽകി. ഇതോടെ സമരം താൽക്കാലികമായി പിരിഞ്ഞതായി സി.ജെ.പി നേതാക്കൾ അറിയിച്ചു. പ്രതികളെ 72 മണിക്കൂറിനുള്ളിൽ പിടികൂടുമെന്നാണ് സി.ജെ.പിക്ക് പൊലീസ് നൽകിയ ഉറപ്പ്. തൽക്കാലം സമരവേദിയിൽ നിന്ന് പിരിയുകയാണെന്നും വൈകീട്ട് തിരിച്ചെത്തി പൊലീസിന്റെ നടപടികൾ ഉറപ്പാക്കുമെന്നും നേതാക്കൾ അറിയിച്ചു. സമരസ്ഥലത്തുനിന്ന് പ്രവർത്തകർ പിരിഞ്ഞുപോവുകയും ചെയ്തു. പുരോഗതി ഇല്ലെങ്കിൽ വീണ്ടും സമരവേദിയിൽ എത്തുമെന്നും സി.ജെ.പി അറിയിച്ചു.
ജന്തർ മന്തറിലെ സമരത്തിനിടെ ദലിത് ആക്ടിവിസ്റ്റിന്റെ പിതാവിനെ ക്രൂരമായി മർദ്ദിച്ചെന്ന് പരസ്യമായി പ്രസ്താവിക്കുകയും ബി.ജെ.പി നേതാക്കളുടെ സ്വാധീനം മൂലം ജയിലിൽ പോകാതെ രക്ഷപ്പെട്ടെന്ന് അവകാശപ്പെടുകയും ചെയ്ത ഹിന്ദുത്വ ഇൻഫ്ലുവെൻസർ സ്വതന്ത്ര ഭരദ്വാജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സി.ജെ.പി സമരം. കുറ്റസമ്മതം നടത്തിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ മടിക്കുന്ന ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകരും നേതാക്കളും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷൻ വളയുകയായിരുന്നു. തുടർന്ന് രാവിലെ 10 മുതൽ സി.ജെ.പി നേതാക്കളുമായി ചർച്ച നടത്തുകയായിരുന്നു ഡൽഹി പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.