സോണിയ ഗാന്ധിയുടെ ആത്മകഥക്ക് പുതിയ പ്രസാധകർ; ഹാർപർകോളിൻസ് ഇന്ത്യയിൽ പ്രസിദ്ധീകരിക്കും
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥ Belonging: A Journey of Love ഇന്ത്യയിൽ പ്രസിദ്ധീകരിക്കുക ഹാർപർകോളിൻസ്. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയതിന് പിന്നാലെയാണ് ഹാർപർകോളിൻസ് ഇന്ത്യ പ്രസാധകരാകുന്നത്. നവംബർ 10ന് പുസ്തകം ഇന്ത്യയിൽ പുറത്തിറക്കുമെന്ന് ഹാർപർകോളിൻസ് അറിയിച്ചു.
പ്രണയം, സ്വത്വം, കടമ, ജന്മനാടുമായുള്ള ബന്ധം എന്നിവയാണ് പുസ്തകത്തിന്റെ പ്രധാന പ്രമേയങ്ങൾ. ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങളിലേക്കുള്ള സോണിയ ഗാന്ധിയുടെ അനുഭവങ്ങളും ആത്മകഥയിലുണ്ട്.
സോണിയ ഗാന്ധി എഡിറ്റോറിയൽ മാറ്റങ്ങൾ അംഗീകരിക്കാൻ തയാറാകാത്തതിനെ തുടർന്നാണ് പെൻഗ്വിൻ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽനിന്ന് പിന്മാറിയതെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാരണത്താലല്ല പിന്മാറ്റമെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ വ്യക്തമാക്കി. പുസ്തകം പ്രസിദ്ധീകരിക്കാൻ തങ്ങൾ താൽപര്യപ്പെട്ടിരുന്നെന്നും രചനകളിലെ വസ്തുതകൾ പരിശോധിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നത് പ്രസാധകരുടെ സാധാരണ നടപടിയാണെന്നും കമ്പനി വിശദീകരിച്ചു.
ആത്മകഥയിലെ ഒരു പ്രത്യേക വിഷയത്തിൽ ചർച്ചകൾ വഴിമുട്ടിയിരുന്നുവെന്നും തീരുമാനത്തിന് പിന്നിൽ ബാഹ്യ സമ്മർദമില്ലെന്നും പ്രസാധകർ പിന്നീട് വ്യക്തമാക്കി. എന്നാൽ രഹസ്യസ്വഭാവമുള്ള ചർച്ചകളായതിനാൽ വിഷയത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
അമേരിക്കൻ പ്രസാധകരായ ആൽഫ്രഡ് എ. നോഫാണ് പുസ്തകം നവംബർ 10ന് പുറത്തിറങ്ങുമെന്ന് നേരത്തേ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ പ്രസാധകരെ സംബന്ധിച്ച അനിശ്ചിതത്വത്തിനാണ് ഹാർപർകോളിൻസിന്റെ പ്രഖ്യാപനത്തോടെ വിരാമമായത്.
79കാരിയായ സോണിയ ഗാന്ധിയുടെ ജീവിതത്തിലെ നിർണായക സംഭവങ്ങളും ആത്മകഥയിൽ പ്രതിപാദിക്കുന്നുണ്ട്. 1984ൽ അമ്മായിയമ്മയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതും ഏഴ് വർഷത്തിന് ശേഷം ഭർത്താവ് രാജീവ് ഗാന്ധി വധിക്കപ്പെട്ടതും ഉൾപ്പെടെ സംഭവങ്ങൾ തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് അവർ വിവരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.