എയർ ഇന്ത്യയുടെ ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ അപകട ദൃശ്യം (ഫയൽ ചിത്രം)

എയർ ഇന്ത്യ പൈലറ്റ് ഉപയോഗിച്ചത് മയക്കുമരുന്ന് തന്നെ; അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് എ.എ.ഐ.ബി

ന്യൂഡൽഹി: ആകാശചുഴിയിൽ പെട്ട എയർ ഇന്ത്യയുടെ ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡിന് (പി.ഐ.സി) സൈക്കോ ആക്റ്റീവ് ലഹരിവസ്തു പരിശോധനയിൽ പോസിറ്റീവ് ഫലം. സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഡൽഹിയിലെത്തിയ ശേഷം നടത്തിയ പരിശോധനയിൽ പി.ഐ.സിയുടെ സാമ്പിൾ പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് സ്ഥിരീകരണത്തിനായി നടത്തിയ രക്തപരിശോധനയിലും ഇതേ ഫലമാണ് ലഭിച്ചത്. കോ-പൈലറ്റിന്റെ സാമ്പിളുകൾ രണ്ട് പരിശോധനകളിലും നെഗറ്റീവായിരുന്നു. സൈക്കോ ആക്റ്റീവ് ലഹരിവസ്തുവിന്റെ ഉപയോഗം സ്ഥിരീകരിച്ചത് ഗൗരവമുള്ള വിഷയമാണെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അടിയന്തരമായി ഉചിതമായ നടപടി സ്വീകരിക്കണമെന്നും എ.എ.ഐ.ബി ശുപാർശ ചെയ്തു.

ഫുക്കറ്റിൽനിന്നുള്ള അന്താരാഷ്ട്ര സർവീസായതിനാൽ ഡൽഹിയിലെത്തിയ ശേഷം ഇരുപൈലറ്റുമാർക്കും പോസ്റ്റ്-ഫ്ലൈറ്റ് മെഡിക്കൽ പരിശോധനയും ബ്രീത്ത് അനലൈസർ പരിശോധനയും നടത്തിയിരുന്നു. ഇതിൽ അസ്വാഭാവികത കണ്ടെത്തിയില്ല. തുടർന്ന് നടത്തിയ ലഹരിവസ്തു പരിശോധനയിലാണ് പി.ഐ.സിയുടെ സാമ്പിളിൽ പ്രശ്നം കണ്ടെത്തിയത്.

ആഗസ്റ്റ് നാലിനായിരുന്നു സംഭവം. 137 യാത്രക്കാരും മൂന്ന് ശിശുക്കളും ഉൾപ്പെടെ 145 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറ് കാബിൻ ജീവനക്കാരും രണ്ട് പൈലറ്റുമാരുമായിരുന്നു മറ്റുള്ളവർ. സംഭവത്തിൽ 20 യാത്രക്കാർക്കും നാല് ജീവനക്കാർക്കും പരിക്കേറ്റു.

യാത്രക്കിടെ വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളായ ഗ്രീൻ, ബ്ലൂ, യെല്ലോ എന്നിവ തകരാറിലായതായി റിപ്പോർട്ടിലുണ്ട്. 36,000 അടി ഉയരത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. ഇതിനിടെ വിമാനം നിശ്ചയിച്ച ഉയരത്തിൽനിന്ന് ആദ്യം 372 അടി ഉയരുകയും പിന്നീട് 292 അടി താഴുകയും ചെയ്തു. ഹൈഡ്രോളിക് സംവിധാനങ്ങൾ വീണ്ടെടുത്തതോടെ വിമാനത്തിന്റെ നിയന്ത്രണം സാധാരണ നിലയിലായി.

കാബിന് മുകളിലെ ലഗേജ് സൂക്ഷിക്കുന്ന ഹാറ്റ് റാക്കുകൾക്കും സീലിങ് പാനലുകൾക്കും കേടുപാടുകൾ സംഭവിച്ചു. ആദ്യം ടർബുലൻസായി റിപ്പോർട്ട് ചെയ്ത സംഭവത്തെ പിന്നീട് ലഭിച്ച തെളിവുകളും യാത്രക്കാർക്കും ജീവനക്കാർക്കുമുണ്ടായ പരിക്കുകളും പരിഗണിച്ച് എ.എ.ഐ.ബി അപകടമായി സ്ഥിതീകരിച്ചു. സാങ്കേതികവും മറ്റ് വശങ്ങളും സംബന്ധിച്ച വിശദമായ അന്വേഷണം തുടരുകയാണെന്നും അന്തിമ റിപ്പോർട്ട് പിന്നീട് പ്രസിദ്ധീകരിക്കുമെന്നും എ.എ.ഐ.ബി അറിയിച്ചു.

Tags:    
News Summary - Air India Pilot Tests Positive for Drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.