കുട്ടികളെ തട്ടിക്കൊണ്ടുപോകൽ കേസുകളിൽ സമയബന്ധിത അന്വേഷണം; ഏകീകൃത സംവിധാനം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി
ന്യൂഡൽഹി: കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, അപഹരണം തുടങ്ങിയ കേസുകളിൽ രാജ്യവ്യാപകമായി ഏകീകൃത അന്വേഷണ സംവിധാനം ഏർപ്പെടുത്തണമെന്നും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി വേഗത്തിൽ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി. അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായയാണ് ഹരജി നൽകിയത്.
കേസുകളുടെ അന്വേഷണത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഏകീകൃത ചോദ്യാവലിയും പ്രത്യേക അന്വേഷണ നടപടിക്രമവും (എസ്.ഒ.പി) രൂപീകരിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു. എ.സി.പി/എസ്.എച്ച്.ഒ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതികളുടെ മാതൃകയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകൽ കേസുകൾ ഒരു വർഷത്തിനകം തീർപ്പാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജംഗമ-അജംഗമ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാടുകൾ, കള്ളപ്പണം എന്നിവ തടയുന്ന നിയമങ്ങൾ പ്രയോഗിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. തട്ടിക്കൊണ്ടുപോകൽ, അപഹരണം കേസുകളിലെ ശിക്ഷകൾ ഒരേസമയം അനുഭവിക്കുന്നതിന് പകരം തുടർച്ചയായി അനുഭവിക്കുന്ന രീതിയിൽ നിയമഭേദഗതി വേണമെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
കാണാതാകുന്ന കുട്ടികളെക്കുറിച്ചുള്ള പരാതികളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലും അന്വേഷണം ആരംഭിക്കുന്നതിലുമുള്ള കാലതാമസം കുട്ടികളെ കണ്ടെത്തുന്നത് വൈകിപ്പിക്കുന്നതായി ഹരജിയിൽ ആരോപിക്കുന്നു. ഇത്തരം കുട്ടികൾ കടത്തൽ, ലൈംഗിക ചൂഷണം, നിർബന്ധിത തൊഴിൽ, നിയമവിരുദ്ധ ദത്തെടുക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഇരകളാകാനുള്ള സാധ്യത വർധിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടുന്നു.
കാണാതായ കുട്ടികളെ സംബന്ധിച്ച പരാതികൾ ചിലപ്പോൾ എഫ്.ഐ.ആറിന് പകരം മിസിങ് റിപ്പോർട്ടുകളായി മാത്രം രേഖപ്പെടുത്തുന്നതായും ഇത് സമഗ്രമായ ക്രിമിനൽ അന്വേഷണം വൈകിപ്പിക്കുന്നതായും ഹരജിയിൽ ആരോപണമുണ്ട്.
സംസ്ഥാന അതിർത്തികൾ കടന്ന് പ്രവർത്തിക്കുന്ന കുട്ടിക്കടത്ത്, നിയമവിരുദ്ധ ദത്തെടുക്കൽ സംഘങ്ങൾക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കാൻ വിവിധ സംസ്ഥാനങ്ങളിലെ പൊലീസും പ്രത്യേക അന്വേഷണ ഏജൻസികളും തമ്മിൽ കൂടുതൽ ഏകോപനം ആവശ്യമാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, നിയമ-നീതി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയെയും നിയമ കമീഷനെയും ഹരജിയിൽ എതിർകക്ഷികളാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.