ഡൽഹിയിൽ യുവതിയെ കാറിടിച്ച് വീഴ്ത്തി വലിച്ചിഴച്ച സംഭവം: നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് പുതുവർഷദിനത്തിൽ പുലർ​ച്ചെ യുവതിയെ ഇടിച്ച് വീഴ്ത്തി കാറിൽ റോഡിലൂടെ വലിച്ചിഴച്ച് കൊന്ന കേസിൽ നാലുപേർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. അമിത് ഖന്ന, കൃഷ്ണ, മനോജ് മിട്ടൽ, മിഥുൻ എന്നിവർക്കെതിരെയാണ് കൊലപാതകക്കുറ്റം ചുമത്തിയത്.

ഇവർ സഞ്ചരിച്ച കാർ അഞ്ജലി സിങ് എന്ന 20 കാരിയുടെ സ്കൂട്ടറിലിടിക്കുകയും കാറിനടയിൽ കുടുങ്ങിയ യുവതിയുമായി 13 കിലോമീറ്ററോളം സഞ്ചരിക്കുക വഴി യുവതിയെ കൊല്ലുകയും ചെയ്തുവെന്നാണ് കേസ്. ജനുവരി ഒന്നിന് പുലർച്ചെ യുവതിയുടെ സ്കൂട്ടറിൽ കാറിടിച്ച ശേഷം പ്രതികൾക്ക് യുവതിയെ രക്ഷിക്കാൻ നിരവധി അവസരങ്ങളുണ്ടായിരുന്നെന്നും എന്നാൽ അവർ അത് ഉപയോഗപ്പെടുത്തിയില്ലെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കുന്നു.

യുവതി കാറിന്റെ എഞ്ചിനിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അറിഞ്ഞിട്ടും മനഃപൂർവം കാർ നിരവധി കിലോമീറ്ററുകൾ ഓടിച്ചുവെന്നും പൊലീസ് ആരോപിച്ചു. രണ്ട് ഘട്ടമായാണ് കുറ്റകൃത്യം നടപ്പാക്കിയതെന്ന് കുറ്റപത്രംപറയുന്നു. ആദ്യം യുവതിയെ കാറിടിപ്പിച്ചു. രണ്ടാമത് റോഡിലൂടെ വലിച്ചിഴച്ചു. അപകടം നടന്ന് 600 മീറ്ററോളം ഓടിയ ശേഷം വണ്ടി നിർത്തി ഡ്രൈവർ അമിത് ഖന്ന പുറത്തിറങ്ങി കാറിനടയിൽ സ്‍ത്രീ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ഉദ്ധരിച്ച് പൊലീസ് വ്യക്തമാക്കി.

ആറ് സാക്ഷികളെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ മരിച്ച് അഞ്ജലിക്കൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തിന്റെ പേര് കുറ്റപത്രത്തിലുണ്ട്. കാറിനടയിൽ മൃതദേഹം ഉള്ളതായി പൊലീസിൽ വിവരമറിയിച്ച ഓട്ടോ ഡ്രൈവറെ സാക്ഷിയാക്കിയിട്ടുമുണ്ട്.

Tags:    
News Summary - Delhi Police Charge 4 With Murder In Delhi Hit-And-Drag Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.