പിന്നോട്ടില്ല; വീണ്ടും ജന്തർ മന്തറിൽ സമരത്തിന് അനുമതി തേടാൻ സി.ജെ.പി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധം നടത്താൻ തീയതി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കൾ ഇന്ന് രാവിലെ 10 മണിക്ക് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തും. സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുൾപ്പെടെയുള്ള നേതാക്കളാണ് സമാധാനപരമായ പ്രതിഷേധത്തിന് തീയതി ആവശ്യപ്പെട്ട് ഡൽഹി പൊലീസിനെ സമീപിക്കുന്നത്.

ഈ മാസം 10-ന് നിശ്ചയിച്ചിരുന്ന സമരത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ നേതാക്കളെ വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ച മൂന്ന് മുതിർന്ന സി.ജെ.പി നേതാക്കളെ 24 മണിക്കൂറിന് ശേഷമാണ് മോചിപ്പിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നീക്കം. "ഡൽഹി പൊലീസിന് 24 മണിക്കൂറിനുള്ളിൽ ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ തീയതി നൽകാം, അല്ലാത്തപക്ഷം സി.ജെ.പി മറ്റൊരു പ്രക്ഷോഭ ആഹ്വാനം നൽകും," റാങ്ക പറഞ്ഞു.

ഇൻഡ്യാ ബ്ലോക്കിന്റെ സുപ്രീം കോടതിയിലേക്കുള്ള മാർച്ചും ഇന്ന് നടക്കും. "വോട്ട് ചോരി" (വോട്ട് മോഷണം) ആരോപണങ്ങൾ ഉന്നയിക്കാൻ രാഹുൽ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ചീഫ് ജസ്റ്റിസ് (സി.ജെ.ഐ) സൂര്യ കാന്തിനോട് കൂടിക്കാഴ്ച നടത്താൻ സമയം തേടിയിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ ആവശ്യം സി.ജെ.ഐ തള്ളി. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസുകളും വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കുന്നതിൽ സി.ജെ.ഐക്കുള്ള പങ്കും പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.


ശനിയാഴ്ച അധികൃതർ അഭൂതപൂർവ്വമായ സുരക്ഷാ ഓപ്പറേഷൻ നടത്തുകയും സി.ജെ.പി നേതാവ് അഭിജിത് ദീപ്‌കെ, നാല് മുൻ മുഖ്യമന്ത്രിമാർ എന്നിവരുൾപ്പെടെ 7,000-ത്തിലധികം പ്രതിഷേധക്കാരെ തടങ്കലിൽ വെക്കുകയും ചെയ്തു.

എസ്.ഐ.ആറുമായി  ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയ നിലപാട് സ്വീകരിച്ചു എന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കമ്മീഷനെതിരെ പ്രതിഷേധം ആരംഭിച്ചത്. തരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ കുറഞ്ഞത് 14 തവണയെങ്കിലും കമ്മീഷന്റെ പല തീരുമാനങ്ങളിലും ഉത്തരവുകളിലും എതിർപ്പ് പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. എസ്.ഐ.ആറിന് വേണ്ടി ഫോം 6-ൽ മാറ്റം വരുത്തിയത് നിയമവിരുദ്ധമാണെന്നും റിപ്പോർട്ടിലുണ്ട്.

Tags:    
News Summary - CJP to seek date for stir shortly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.