ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ഹോട്ടലിലുണ്ടായ ദാരുണമായ തീപിടിത്തത്തിനിടയിൽ സ്വന്തം ജീവൻ പണയംവെച്ച് നിരവധി പേരെ രക്ഷപെടുത്തിയ അഞ്ച് മുസ്ലിം യുവാക്കൾക്ക് സോഷ്യൽ മീഡിയയിൽ വ്യാപക പ്രശംസ. ദുരന്തത്തിൽ 21 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അഫ്സൽ, മുഹമ്മദ് ഷാരൂഖ്, മുഹമ്മദ് അനീഷ്, മുഹമ്മദ് ആമിർ, മുഹമ്മദ് വസീം എന്നീ യുവാക്കളുടെ ചിത്രങ്ങൾ മാളവ്യ നഗറിലെ ബി.ജെ.പി എം.എൽ.എ സതീഷ് ഉപാധ്യായ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ഇവരുടെ ധീരതയെ പുകഴ്ത്തുകയും ചെയ്തു. ഡൽഹി പൊലീസിനൊപ്പം ചേർന്ന്, കത്തുന്ന കെട്ടിടത്തിൽ നിന്ന് നിരവധി പേരെ ഈ യുവാക്കൾ ജീവൻ പണയം വെച്ച് പുറത്തെത്തിച്ചതായി എം.എൽ.എ പറഞ്ഞു
ഹോട്ടലിന് എതിർവശത്ത് മെത്തക്കട നടത്തുന്ന 61-കാരനായ റിയാസുദ്ദീനും രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയവർക്കായി സ്വന്തം കടയിലെ മുഴുവൻ മെത്തകളും അദ്ദേഹം റോഡിൽ നിരത്തി. ഇതിലൂടെ രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെങ്കിലും പത്തോളം പേരുടെ ജീവൻ രക്ഷിക്കാനായതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. മാക്സ് ആശുപത്രിയിലെ സെക്യൂരിറ്റി ഓഫീസറായ വസീം റാസ പുക നിറഞ്ഞ കെട്ടിടത്തിൽ കയറി പത്തോളം പേർക്ക് സി.പി.ആർ നൽകിയാണ് ജീവൻ രക്ഷിച്ചത്. മുൻ ഫയർ ട്രെയിനർ മുഹമ്മദ് ഷുഹൈബ്, മുഹമ്മദ് ഇസ്രാർ ഖാൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു.
അപകടത്തിൽ ഒൻപത് ആഫ്രിക്കൻ സ്വദേശികളും രണ്ട് തുർക്മെനിസ്ഥാൻ പൗരന്മാരും ഉൾപ്പെടെ 21 പേരാണ് മരിച്ചത്. ഗുരുതരമായ സുരക്ഷാ വീഴ്ചകളാണ് ഹോട്ടലിൽ ഉണ്ടായിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഫയർ ഫോഴ്സിന്റെ അനുമതിയില്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. ആറ് മുറികൾക്ക് മാത്രം അനുമതിയുള്ള കെട്ടിടത്തിൽ ഇരുപതിലധികം മുറികളുണ്ടായിരുന്നു. കെട്ടിട ഉടമ ലവ്കേഷ് ബജാജിയെ മനഃപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ദുരന്തത്തിനിടയിലും മനുഷ്യത്വത്തിന്റെ മാതൃകയായ യുവാക്കളെ 'യഥാർത്ഥ ഹീറോകൾ' എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.