68,000 രൂപ മുടക്കി വിമാനത്തിൽ തൊഴിലാളികളെ നാട്ടിലേക്കയച്ച്​ കർഷകൻ

ന്യൂഡൽഹി: വിമാനത്തിൽ തൊഴിലാളികളെ നാട്ടിലേക്കയക്കാൻ മുൻകൈയെടുത്ത്​ ഡൽഹിയിലെ കർഷകൻ. 20 വർഷത്തിലേറെയായി തനിക്കായി അധ്വാനിക്കുന്ന ബീഹാർ സ്വദേശികളായ 10 തൊഴിലാളികളെ നാട്ടിലേക്കയക്കാനാണ്​ കർഷകനായ പപ്പൻ ഗെഹ്​ലോട്​ 68,000 രൂപ ചെലവിട്ട്​ വിമാന ടിക്കറ്റുകൾ വാങ്ങി നൽകിയത്​. കൂടാതെ വീട്ടിലേക്കുള്ള യാത്രയിൽ ബുദ്ധിമുട്ടാതിരിക്കാൻ ഓരോരുത്തർക്കും 3000 രൂപ വീതവും നൽകി.

 

ഏപ്രിൽ ആദ്യവാരം മുതൽ നാട്ടിലേക്ക്​ പോകാൻ ശ്രമിക്കുകയായിരുന്നു​ തൊഴിലാളികൾ. ‘‘ട്രെയിൻ ടിക്കറ്റ്​ ബുക്ക്​ ചെയ്യാൻ ഒരുപാട്​ ശ്രമിച്ചിട്ടും നടന്നില്ല. 20 വർഷത്തിലേറെയായി അവർ ഞങ്ങൾക്കായി ജോലി ചെയ്യുന്നു. അവരെ സുരക്ഷിതമായി വീട്ടിലെത്തിക്കേണ്ടത്​ ഞങ്ങളുടെ ചുമതലയാണ്​. അതിനാൽ വിമാന ടിക്കറ്റ്​ ബുക്ക്​ ചെയ്​ത്​ അവരെ യാത്രയാക്കുകയായിരുന്നു.’’ -ഗെഹ്​ലോട്ടി​​​െൻറ സഹോദരൻ നിരഞ്​ജൻ എ.എൻ.ഐ വാർത്ത ഏജൻസിയോടു പറഞ്ഞു.

വിമാനയാത്ര ചെയ്യാനായതി​​​െൻറ സന്തോഷം തൊഴിലാളികളും പങ്കുവെച്ചു. ‘‘ ഒരിക്കലും വിമാനത്തിൽ യാത്ര ചെയ്യാനാകുമെന്ന്​ കരുതിയില്ല. തൊഴിലുടമ ഞങ്ങൾക്ക്​ ആ സൗകര്യം ചെയ്​തു തുറന്നു. ആയിരക്കണക്കിന്​ കിലോമീറ്ററുകൾ താണ്ടി വേണം നാട്ടിലെത്താൻ. നടന്നോ സൈക്കിൾ വഴിയോ അത്രയും ദൂരം സഞ്ചരിക്കാനാവില്ല.’’ -ഇന്ദിരാഗാന്ധി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വെച്ച്​ തൊഴിലാളികളിലൊരാൾ മനസു തുറന്നു.

വ്യാഴാഴ്​ച രാവിലെ ആറുമണിക്കാണ്​ അവർ പാട്​നയിലേക്ക്​ പുറപ്പെട്ടത്​. ‘‘ഒരിക്കലും വിമാനയാത്ര ചെയ്യാനാവുമെന്ന്​ കരുതിയതല്ല. നന്ദി പ്രകടിപ്പിക്കാൻ എനിക്ക്​ വാക്കുകളില്ല. വിമാനത്താവളത്തിലെത്തിയപ്പോൾ നേരിയ പരിഭ്രമമുണ്ടായിരുന്നു’’ -മകനൊപ്പം നാട്ടിലേക്ക്​ മടങ്ങിയ ലഖീന്ദർ റാം പറഞ്ഞു. 50 വയസുള്ള റാം 27 വർഷമായി ഗെഹ്​ലോട്ടിനൊപ്പമാണ്​. ലോക്​ഡൗൺ തുടങ്ങിയതുമുതൽ തൊഴിലാളികൾക്ക്​ ഭക്ഷണവും താമസവും ഗെഹ്​ലോട് ഉറപ്പുവരുത്തിയിരുന്നതായി തൊഴിലാളികൾ പറയുന്നു. ഡൽഹിയിലെ തിഗിപൂർ ഗ്രാമത്തിലെ കൂൺ കർഷകനാണിദ്ദേഹം. 1993 മുതൽ കൂൺ കൃഷി ചെയ്യുന്നതായി ഗെഹ്​ലോട്​ പറഞ്ഞു.

Tags:    
News Summary - Delhi farmer buys plane tickets to send workers home-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.