അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: പൊതുപണം ദുരുപയോഗം ചെയ്തെന്നാരോപിച്ച് ആം ആദ്മി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനും മറ്റുള്ളവർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസിന് കോടതി നിർദേശം. പൊതുപണം ദുരുപയോഗം ചെയ്ത് വലിയ പരസ്യബോർഡുകൾ സ്ഥാപിച്ചുവെന്നാണ് ആരോപണം. ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയത്.
"2007ലെ ഡൽഹി പ്രിവൻഷൻ ഓഫ് ഫെയ്‌സ്മെന്റ് ഓഫ് പ്രോപ്പർട്ടി ആക്ടിലെ സെക്ഷൻ 3 പ്രകാരവും കേസിന്റെ വസ്തുതകളിൽ നിന്ന് ചെയ്തതായി തോന്നുന്ന മറ്റേതെങ്കിലും കുറ്റകൃത്യം പ്രകാരവും ഉടൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെട്ട എസ്.എച്ച്.ഒയോട് നിർദ്ദേശിച്ചിരിക്കുന്നു" -അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നേഹ മിത്തൽ പറഞ്ഞു.
2019-ൽ മുൻ എ.എ.പി എം.എൽ.എ ഗുലാബ് സിങ്, ദ്വാരക കൗൺസിലർ നിതിക ശർമ എന്നിവർക്കൊപ്പം അരവിന്ദ് കെജ്‌രിവാളും, പ്രദേശത്തുടനീളം വലിയ പരസ്യ ബോർഡുകൾ സ്ഥാപിച്ച് പൊതു ഫണ്ട് ദുരുപയോഗം ചെയ്തതായി ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് കേസ്.
2022 സെപ്റ്റംബറിൽ ഒരു മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പരാതി തള്ളിക്കളഞ്ഞു. എന്നിരുന്നാലും, സെഷൻസ് കോടതി കീഴ്‌ക്കോടതിയുടെ തീരുമാനം റദ്ദാക്കി പുനഃപരിശോധനക്കായി മജിസ്‌ട്രേറ്റിന് തിരിച്ചയച്ചു. ജനുവരിയിൽ, പരാതി തള്ളിക്കളഞ്ഞുകൊണ്ട് മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിൽ, ചെയ്ത കുറ്റകൃത്യം കേസെടുക്കാവുന്നതാണോ അല്ലയോ എന്ന് കണ്ടെത്താൻ ശ്രമിച്ചിട്ടില്ലെന്ന് പ്രത്യേക ജഡ്ജി വിശാൽ ഗോഗ്‌നെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.