'എല്ലാ വഴികളിലൂടെയും അന്വേഷിച്ചിട്ടും നജീബിനെ കണ്ടെത്താനായില്ല'; അന്വേഷണം അവസാനിപ്പിക്കാൻ സി.ബി.ഐക്ക് കോടതിയുടെ അനുമതി

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി നജീബ് അഹമ്മദിന്റെ തിരോധാനം സംബന്ധിച്ച കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ സി.ബി.ഐക്ക് കോടതിയുടെ അനുമതി. ഡൽഹി റൗസ് അവന്യൂ കോടതിയിലെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജ്യോതി മഹേശ്വരിയാണ് കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐ റിപ്പോർട്ടിന് അംഗീകാരം നൽകിയത്.

അതേസമയം, നജീബ് എവിടെയാണെന്നതിനെക്കുറിച്ച് വിശ്വസനീയമായ എന്തെങ്കിലും വിവരം ലഭിച്ചാൽ അന്വേഷണം പുനരാരംഭിക്കാനും കോടതിയെ അറിയിക്കാനും സി.ബി.ഐക്ക് നിർദേശം നൽകി.

എല്ലാ വഴികളിലൂടെയും അന്വേഷിച്ചിട്ടും നജീബിനെ കണ്ടെത്താനായില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. തിരോധാനത്തിന് പിന്നിൽ ഏതെങ്കിലും വ്യക്തിയോ മറ്റോ ആണെന്ന് സംശയിക്കാൻ തെളിവില്ലെന്ന് ജഡ്ജി പറഞ്ഞു. അന്വേഷണത്തിൽ സി.ബി.ഐ വീഴ്ച വരുത്തിയെന്ന നജീബിന്റെ മാതാവിന്റെ ആരോപണം കോടതി തള്ളി. 2016 മുതൽ കാണാതായ മകനെക്കുറിച്ച് അന്വേഷിക്കുന്ന ഒരു മാതാവിന്റെ ദുരവസ്ഥ അറിയാമെന്നും കോടതി വ്യക്തമാക്കി. തുടർന്ന് അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ട് സി.ബി.ഐ ഹൈകോടതിയിൽ സമർപ്പിച്ചു.

ഒന്നാം വർഷ മാസ്റ്റർ ബിരുദ വിദ്യാർഥിയായിരുന്ന നജീബ് അഹമ്മദിനെ 2016 ഒക്ടോബർ 15ന് ജെ.എൻ.യുവിലെ ഹോസ്റ്റലിൽനിന്നാണ് കാണാതായത്. അഖില ഭാരതീയ വിദ്യാർഥി പരിഷത്തുമായി ബന്ധമുള്ള ചില വിദ്യാർഥികളുമായി സംഘർഷമുണ്ടായതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു തിരോധാനം. ആദ്യം ഡൽഹി പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറി.

കേസിൽ പുരോഗതിയില്ലാത്തതിനാൽ 2018 ഒക്ടോബറിൽ സി.ബി.ഐ അന്വേഷണം നിർത്തിയിരുന്നു. ഇതൊരു രാഷ്ട്രീയ കേസാണെന്നും സി.ബി.ഐ അവരുടെ യജമാനന്മാരുടെ സമ്മർദത്തിന് വഴങ്ങിയെന്നും നജീബ് അഹമ്മദിന്റെ അഭിഭാഷകൻ നേരത്തെ ആരോപിച്ചിരുന്നു.

Tags:    
News Summary - Delhi court allows CBI to close case of missing JNU student Najeeb Ahmed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.