ശ്വാസം മുട്ടാതെ ദീപാവലി ആഘോഷിച്ച് ഡൽഹിക്കാർ

ന്യൂഡൽഹി: എട്ടുവർഷത്തിനിടെ ദീപാവലി ദിനത്തിലെ മികച്ച അന്തരീക്ഷ വായു നിലവാരസൂചികയാണ് ഞായറാഴ്ച ഡൽഹിയിൽ രേഖപ്പെടുത്തിയത്.

ശൈത്യകാലത്തിന്റെ തുടക്കത്തിൽ ഡൽഹിയിൽ പുകമഞ്ഞും വായുമലിനീകരണവും രൂക്ഷമാകുന്നതോടെ ശ്വാസം മുട്ടുന്ന ഡൽഹിയിൽ ദീപാവലി ദിനമായ ഞായറാഴ്ച അന്തരീക്ഷ വായു നിലാവാര സൂചിക (എ.ക്യു.ഐ) 218 ലെത്തി.

മുൻ വർഷങ്ങളിലെ ദീപാവലി ദിനത്തിലെ എ.ക്യു.ഐ ഏറ്റവും താഴ്ന്നത് 318 ആയിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഡൽഹിയിൽ പരക്കെ മഴ ലഭിച്ചതാണ് മലിനീകരണ തോത് കുറയാൻ കാരണമായത്. സുപ്രീംകോടതി വിലക്ക് ലംഘിച്ച് ദീപാവലി ദിനത്തിലെ വ്യാപക പടക്കം പൊട്ടിക്കലും വെടിക്കെട്ടും മൂലം അടുത്ത ദിവസങ്ങളിൽ മലിനീകരണ തോത് കുത്തനെ ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

എ.ക്യു.ഐ പൂജ്യത്തിനും 50നും ഇടയിലാണെങ്കിൽ നല്ലത്. 51-100 തൃപ്‌തികരം, 101- 200- മിതമായത്, 201- 300 മോശം, 301-400-വളരെ മോശം, 401-മുതൽ ഗുരുതരം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.

രണ്ട് ദിവസം മുമ്പ് വരെ ഡൽഹിയിൽ 401ന് മുകളിലായിരുന്നു എ.ക്യു.ഐ. ഇതേത്തുടർന്ന് മേഘങ്ങളിൽ രാസവസ്തുക്കൾ നിക്ഷേപിച്ച് ക്ലൗഡ് സീഡിങ്‌ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഡൽഹി സർക്കാർ.

ദീപാവലിക്കു ശേഷമുള്ള അന്തരീക്ഷവായുവിന്റെ നിലവാരം പരിശോധിച്ചശേഷമാകും കൃത്രിമമഴ, ഒറ്റ-ഇരട്ടയക്ക നമ്പർ വാഹനനിയന്ത്രണം എന്നിവ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഡൽഹി സർക്കാർ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Delhi celebrate Diwali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.