ഡൽഹി വായു മലിനീകരണം: അഭിഭാഷകർക്ക് വീട്ടിലിരുന്ന് വാദം കേൾക്കാം, ജഡ്ജിമാർ കോടതിയിൽ നേരിട്ട് വരണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ഡൽഹിയിലെ രൂക്ഷമായ വായു മലിനീകരണ പശ്ചാത്തലത്തിൽ കോടതിയിൽ ഹാജരാകുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ നടപടിയെടുക്കാൻ സുപ്രീം കോടതി. അഭിഭാഷകർക്ക് ഓൺലൈൻ വഴി ഹാജരായി മലിനീകരണത്തിൽനിന്ന് മാറിനിൽക്കാൻ അവസരമുണ്ടെന്നും എന്നാൽ ജഡ്ജിമാർക്ക് നേരിട്ട് ഹാജരായി വാദം കേൾക്കേണ്ടി വരുന്നതിനാൽ അതിന് കഴിയില്ലെന്നും ജസ്റ്റിസ് വിക്രം നാഥ് വ്യക്തമാക്കി. വായു മലിനീകരണവുമായി ബന്ധപ്പെട്ട ഒരു പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്.
ദീപാവലിക്ക് ശേഷം ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം കൂടുതൽ വഷളാകുമെന്നും അതിനുമുമ്പ് വാദം കേൾക്കണമെന്നും ജസ്റ്റിസ് വിക്രം നാഥ് ചൂണ്ടിക്കാട്ടി. ദീപാവലിക്ക് മുമ്പ് വായു താരതമ്യേന ശുദ്ധമായിരിക്കുമെന്നും എന്നാൽ ആഘോഷത്തിന് ശേഷം സ്ഥിതി ഗുരുതരമാകുമെന്നും ജഡ്ജി ഓർമിപ്പിച്ചു. ദീപാവലിക്ക് മുമ്പും ശേഷവും മലിനീകരണം തുടരുമെന്നും, കോടതിയിൽ നേരിട്ട് ഹാജരാകാൻ അവസരം ലഭിക്കുകയാണെങ്കിൽ ഈ പ്രതിസന്ധിയെ നേരിടാൻ താൻ തയ്യാറാണെന്നും മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് വാദിച്ചു. ജഡ്ജിമാർക്കും കോടതിയിൽ വന്ന് മലിനീകരണത്തെ നേരിടേണ്ടി വരുമല്ലോ എന്ന അവരുടെ പരാമർശത്തിനുള്ള മറുപടിയായാണ് ജസ്റ്റിസ് നാഥ് ഈ കാര്യം വ്യക്തമാക്കിയത്. കേസ് നവംബർ 17ലേക്ക് മാറ്റണമെന്ന് ഇന്ദിര ജെയ്‌സിങ് അഭ്യർഥിച്ചെങ്കിലും എതിർപക്ഷത്തെ അഭിഭാഷകൻ ദീപാവലിക്ക് മുമ്പ് തന്നെ വാദം കേൾക്കണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നു.
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ദീപാവലിയോട് അടുപ്പിച്ച് മലിനീകരണ തോത് അതീവ ഗുരുതരമാകുന്ന സാഹചര്യം മുൻവർഷങ്ങളിലും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലെ കണക്കുകൾ പ്രകാരം ഡൽഹിയുടെ വായു ഗുണനിലവാര സൂചിക 350ന് മുകളിലേക്ക് ഉയർന്ന് ഗുരുതര മലിനീകരണത്തിൽ എത്തിയിരുന്നു. ഈ വർഷം ഡൽഹിയിലെ വായു നിലവാരം ഇതിനോടകം ആശങ്ക ഉയർത്തുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞു. ഇതിനിടയിൽ പടക്കങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കർശനമായ നിരീക്ഷണവും സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.