ഗിൽജിത്-ബാൾട്ടിസ്ഥാൻ തിരിച്ചുപിടിക്കണമെന്ന് പ്രതിരോധമന്ത്രി; പാകിസ്ഥാൻ കൈവശപ്പെടുത്തിവച്ചിരിക്കുന്ന ഇന്ത്യൻ ഭൂഭാഗത്തെക്കുറിച്ച് അറിയാം

പാക് അധീന കശ്മീരിലെ ഗിൽജിത്തും ബാൾട്ടിസ്ഥാനും തിരിച്ചുപിടിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ സൈനിക വിജയം ആഘോഷിക്കുന്നതിനായി നടന്ന ശൗര്യ ദിവസ് ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പാകിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയ ഭാഗമായിട്ടാണ് ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയെ ഇന്ത്യ കണക്കാക്കുന്നത്. 1994 ലെ പാർലമെന്ററി പ്രമേയമനുസരിച്ച്, ഈ പ്രദേശം ജമ്മു കശ്മീരിന്റെ ഭാഗവും ഇന്ത്യയുടെ അവിഭാജ്യ ഘടകവുമാണ്.

പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു തിരഞ്ഞെടുക്കപ്പെട്ട അസംബ്ലിയും ഒരു കൗൺസിലും നിലവിൽ ഈ മേഖലക്കുണ്ട്. ഈ കൗൺസിലിനാണ് ഈ പ്രദേശത്തിന്റെ വിഭവങ്ങളിലും വരുമാനത്തിലുമുള്ള പൂർണ നിയന്ത്രണം. എന്നാൽ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയെക്കുറിച്ച് പാകിസ്ഥാന്റെ ഭരണഘടനയിൽ പരാമർശമില്ല. ഈ മേഖലക്ക് സ്വതന്ത്ര പദവിയോ പ്രവിശ്യാ പദവിയോ ഇല്ല.

2020ൽഗിൽജിത്​-ബാൾട്ടിസ്​താന്​ പ്രവിശ്യ പദവി നൽകാൻ പാകിസ്ഥാൻ തീരുമാനിച്ചിരുന്നു.​ അന്നുമുതലേ ഇന്ത്യ അതിനെ എതിർത്തുവരികയാണ്. ജമ്മു കശ്മീരിന്റെ വടക്കുപടിഞ്ഞാറൻ ഭാ​ഗത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ഈ പ്രദേശം ഒരിക്കൽ ജമ്മു കശ്മീർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. എന്നാൽ 1947 നവംബർ 4 ന് പാക് ഗോത്രസേനയും പാകിസ്ഥാൻ സൈന്യവും കശ്മീരിൽ അധിനിവേശം നടത്തിയപ്പോൾ ഈ പ്രദേശം അവരുടെ നിയന്ത്രണത്തിലാക്കി. ഈ മേഖലയെ പാകിസ്ഥാന്റെ വടക്കൻ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ഇവ പാക്കിസ്ഥാന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിലാവുകയും ചെയ്തു.

പാകിസ്ഥാൻ ആസാദ് കാശ്മീർ എന്ന് വിളിക്കുന്ന, പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ നിന്ന് വ്യത്യസ്തമായിരുന്നു വടക്കൻ പ്രദേശങ്ങൾ. ഈ വടക്കൻ പ്രദേശങ്ങൾ പാക് അധീന കശ്മീരിനേക്കാൾ ആറിരട്ടിയിലധികം വലിപ്പമുള്ളതാണ്. 2009 ഓഗസ്റ്റിൽ പാകിസ്ഥാൻ ഗവൺമെന്റ് ഗിൽജിത്-ബാൾട്ടിസ്ഥാൻ എംപവർമെന്റ് ആൻഡ് സെൽഫ് ഗവേണൻസ് ഓർഡർ പാസാക്കി.

പാക് അധീന കാശ്മീരിൽ നിന്നു വ്യത്യസ്തമായി, രണ്ട് ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പാകിസ്ഥാൻ ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. 1935-ൽ ബ്രിട്ടീഷുകാർ ജമ്മു കാശ്മീർ മഹാരാജാവിൽ നിന്ന് ഗിൽജിത് ബാൾട്ടിസ്ഥാൻ 60 വർഷത്തേക്ക് പാട്ടത്തിനെടുത്തിരുന്നു. ഡൽഹി സർക്കാരിനു വേണ്ടി ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ഈ മേഖല ഭരിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലുള്ള സൈനിക സേനയായ ഗിൽജിത് സ്കൗട്ടിനായിരുന്നു ഈ മേഖലയുടെ സുരക്ഷാ ചുമതല.

1947 ഓഗസ്റ്റ് 1-ന് ബ്രിട്ടീഷുകാർ പാട്ടക്കരാർ അവസാനിപ്പിക്കുകയും ‌ഈ മേഖല മഹാരാജാവിന് തിരികെ നൽകുകയും ചെയ്തു. ജമ്മു കശ്മീർ സംസ്ഥാന സേനയിലെ ബ്രിഗേഡിയർ ഘാൻസർ സിങ്ങിനെ പ്രദേശത്തിന്റെ ഗവർണറായി രാജാവ് നിയമിച്ചു. 1947 ഒക്ടോബർ 31-ന് മഹാരാജ ഹരി സിംഗിന്റെ കീഴിലുള്ള നാട്ടുരാജ്യം ഇന്ത്യൻ യൂണിയനിൽ ലയിച്ച ഉടൻ ഗിൽജിത്ത് പാകിസ്ഥാനിലേക്കു ചേർക്കാനുള്ള സാധ്യതയെക്കുറിച്ച് ഗിൽജിത് സ്‌കൗട്ട്‌സിലെ മേജർ ഡബ്ല്യു എ ബ്രൗൺ, ക്യാപ്റ്റൻ എ എസ് മത്തിസൺ എന്നിവർ പെഷവാറിലുണ്ടായിരുന്ന മുൻ ബ്രിട്ടീഷ് പൊളിറ്റിക്കൽ ഏജന്റ് ലഫ്റ്റനന്റ് കേണൽ റോജർ ബേക്കനെ അറിയിച്ചിരുന്നു.

നവംബർ 2 ന്, മേജർ ബ്രൗൺ തന്റെ ആസ്ഥാനത്ത് ഔദ്യോഗികമായി പാക്കിസ്ഥാന്റെ പതാക ഉയർത്തി. മഹാരാജാവ് ഇന്ത്യക്ക് അനുകൂലമായുള്ള നടപടി സ്വീകരിച്ചപ്പോൾ താനും മത്തിസണും പാകിസ്ഥാനുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചെന്ന് ബ്രൗൺ അറിയിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം പാക്കിസ്ഥാൻ ഈ പ്രദേശം കൈവശമാക്കി.

പാകിസ്​താ​െൻറ അനധികൃതമായ കൈയടക്കലുകൾ മേഖലയിൽ അവർ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ഇല്ലാതാക്കുന്നില്ല എന്നാണ് ഇന്ത്യൻ നിലപാട്. ഇന്ത്യൻ പ്രദേശങ്ങളുടെ തൽസ്ഥിതി മാറ്റാനുള്ള നീക്കങ്ങളിൽ നിന്ന്​ പാകിസ്​താൻ പിന്മാറണമെന്നും അനധികൃതമായ എല്ലാതരം കൈയേറ്റങ്ങളും ഒഴിവാക്കി പാകിസ്​താൻ മേഖലയിൽ നിന്ന്​ പിൻവലിയണമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആവശ്യ​െപ്പടുന്നു.

Tags:    
News Summary - "Army fully prepared, ready for action on orders," says GOC Chinar Cops on Defence Minister's Gilgit-Baltistan comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.