ഒന്നിനുപിറകെ മക്കളുടെയും ഭർത്താവിന്റെയും മരണം; ദ്രൗപതി മുർമു എത്തുന്നത് ദുരന്തങ്ങളേറെ അതിജീവിച്ച്

ആദിവാസി വിഭാഗത്തിൽനിന്നുള്ള ആദ്യ രാഷ്ട്രപതിയായി ദ്രൗപതി മുർമു എത്തുന്നത് ജീവിതത്തിലെ നിരവധി ദുരന്തങ്ങൾ നേരിട്ട ശേഷം. വർഷങ്ങളുടെ ഇടവേളകളിലാണ് ദ്രൗപതിക്ക് അവരുടെ ഭർത്താവിനെയും രണ്ട് മക്കളെയും മാതാവിനെയും പിതാവിനെയും നഷ്ടമായത്. യോഗയിലൂടെയും ധ്യാനത്തിലൂടെയുമാണ് അവർ പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വേദനയിൽനിന്ന് മോചനം നേടിയത്. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമടക്കം മൂന്നുമക്കളായിരുന്നു ദ്രൗപതി മുർമുവിനും ഭർത്താവ് ശ്യാം ചരൺ മുർമുവിനും. 2009ൽ ദുരൂഹ സാഹചര്യത്തിലാണ് അവരുടെ മൂത്ത മകൻ മരിച്ചത്. ആ വേദനയകലും മുമ്പേ മൂന്നു വർഷം കഴിഞ്ഞപ്പോൾ രണ്ടാമത്തെ മകൻ റോഡപകടത്തിൽ മരിച്ചു. അടുത്ത കാലത്താണ് ഭർത്താവിനെ നഷ്ടമായത്. ഹൃദയാഘാതമായിരുന്നു മരണകാരണം. ദ്രൗപതി മുർമുവിന്റെ മകൾ ഇതിശ്രീ ഒഡിഷയിലെ ബാങ്കിലാണ് ജോലി ചെയ്യുന്നത്.

1958 ജൂൺ 20ന് സാന്താൽ കുടുംബത്തിലാണ് ജനനം. സാന്താലി, ഒഡിയ ഭാഷകളിൽ ജ്ഞാനം നേടിയ മുർമു നല്ല പ്രാസംഗികയുമാണ്. വളരെ ലളിതമായ ജീവിതമാണ് അവരുടേത്. എന്നും അതിരാവിലെ എഴുന്നേൽക്കും. കുറച്ചു നേരം ധ്യാനനിരതയാകും. അതിനു ശേഷം നടക്കാനിറങ്ങും. അതുകഴിഞ്ഞ് യോഗ...ഇങ്ങനെയാണ് ദ്രൗപതി മുർമുവിന്റെ ഒരു ദിവസം തുടങ്ങുന്നത്.

ഒഡിഷയിലെ മയൂർബഞ്ച് ജില്ലയിൽനിന്നുള്ള ബി.ജെ.പി നേതാവാണ് ദ്രൗപതി മുർമു. ഇന്ത്യയിലെ ഏറ്റവും അവികസിതമായ ഗ്രാമങ്ങളിലൊന്നാണ് മയൂർബഞ്ച്. രാഷ്​ട്രീയത്തിലെത്തുന്നതിന് മുമ്പ് അധ്യാപികയായിരുന്നു. 1997ൽ കൗൺസിലറായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. പിന്നീട് റായ് രംഗ്പുർ എൻ.എ.സിയു​ടെ വൈസ് ചെയർപേഴ്സനായി. ബി.ജെ.പി ടിക്കറ്റിൽ 2000ത്തിലും 2009ലും രണ്ടുതവണ റായ് രംഗ്പൂർ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടു. 2000ത്തിൽ അധികാരത്തിലെത്തിയ ബി.ജെ.പി-ബി.ജെ.ഡി ഒഡിഷ സർക്കാരിൽ ഗതാഗതം, വാണിജ്യം, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. 2013 മുതൽ 2015 വരെ എസ്.ടി മോർച്ചയുടെ ദേശീയ നിർവാഹക സമിതി അംഗമായിരുന്നു.

2015ലാണ് ഝാർഖണ്ഡിലെ ആദ്യ വനിത ഗവർണർ ആയി ദ്രൗപതി മുർമു ചുമതലയേറ്റത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവർണറായ ആദ്യ ​ഗോത്രവിഭാഗം വനിതയുമാണ് മുർമു. ഗവർണറായിരിക്കെ, റോഡുകളുടെ വികസനത്തിനും മറ്റുമായി അവർ അക്ഷീണം പ്രയത്നിച്ചു. ഈ 64കാരിയുടെ പേര് 2017ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉയർന്നുകേട്ടിരുന്നു.

Tags:    
News Summary - Death of children and husband one after the other; Draupadi Murmu arrives after surviving many tragedies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.