‘പ്രിയ മുർതാസ, ഉത്തമ വിശ്വാസത്തോടെ മാനിക്കുക എന്നതാണ് ഒരു കരാറിന്‍റെ അടിസ്ഥാനം...’; സിന്ധു നദീജല കരാർ മരവിപ്പിച്ച് കൈമാറിയ കത്തിന്‍റെ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തി​ന്‍റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാർ മരവിപ്പിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കി ഔദ്യോഗിക വിജ്ഞാപനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേന്ദ്ര ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖർജിയാണ് വിജ്ഞാപനത്തിന്‍റെ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള കത്ത് പാകിസ്താൻ പ്രതിനിധി സെയ്ദ് അലി മുർതാസക്ക് കൈമാറിയത്.

‘പ്രിയ മുർതാസ’ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. ‘ഉത്തമ വിശ്വാസത്തോടെ മാനിക്കുക എന്നതാണ് ഒരു കരാറിന്‍റെ അടിസ്ഥാനം. എന്നാൽ, ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനെ ലക്ഷ്യംവച്ചുള്ള പാകിസ്താൻ അതിർത്തി കടന്നുള്ള ഭീകരതയാണ് നമ്മൾ കണ്ടത്. തത്ഫലമുണ്ടാകുന്ന സുരക്ഷാ അനിശ്ചിതത്വങ്ങൾ കരാർ പ്രകാരമുള്ള ഇന്ത്യയുടെ അവകാശങ്ങൾ പൂർണമായി വിനിയോഗിക്കുന്നതിന് നേരിട്ട് തടസമായി.

കൂടാതെ, കരാർ പ്രകാരം വിഭാവനം ചെയ്തിട്ടുള്ള ചർച്ചകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ അഭ്യർഥനയോട് പാകിസ്താൻ പ്രതികരിക്കാൻ വിസമ്മതിക്കുകയും അങ്ങനെ ഉടമ്പടിയുടെ ലംഘന നടത്തുകയുമാണ് ചെയ്യുന്നത്. അതിനാൽ, 1960ലെ സിന്ധു നദീജല കരാർ ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ നിർത്തിവെക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു’. -കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പാകിസ്താൻ രംഗത്തുവന്നിരുന്നു. കരാർ പ്രകാരം പാകിസ്താന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചു വിടാനുള്ള ഏതൊരു നീക്കവും യുദ്ധനടപടിയായി കണക്കാക്കുമെന്നാണ് പാകിസ്താൻ പ്രതികരിച്ചത്.

'സിന്ധു നദീജല കരാർ പ്രകാരം പാകിസ്താന് അവകാശപ്പെട്ട ജലം തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമവും നദീതീരവാസികളുടെ അവകാശങ്ങൾ കവർന്നെടുക്കലും യുദ്ധനടപടിയുമായും കണക്കാക്കുമെന്നാണ് പാക് ദേശീയ സുരക്ഷ സമിതി (എൻ‌.എസ്‌.സി) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

26 പേർ കൊലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാർ മരവിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​ത​യെ പി​ന്തു​ണ​ക്കു​ന്ന​ത് ഉ​പേ​ക്ഷി​ക്കു​ന്ന​തു​ വ​രെ​യാ​ണ് സി​ന്ധു ന​ദീ​ജ​ല ക​രാ​ർ റ​ദ്ദാ​ക്കു​ന്ന​ത്.

1960 സെ​പ്റ്റം​ബ​ർ 19ന് ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും പാക് പ്രസിഡന്റ് അയൂബ് ഖാനും തമ്മിലാണ് സിന്ധുനദീജല കരാർ ഒപ്പുവെച്ചത്. ലോകബാങ്ക് ഉടമ്പടി പ്രകാരം സിന്ധു നദീജല സംവിധാനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടാണ് കരാർ. 1965, 1971, 1999 എ​ന്നീ യു​ദ്ധ ​വ​ർ​ഷ​ങ്ങ​ളി​ൽ പോ​ലും തു​ട​ർ​ന്നി​രു​ന്ന ക​രാ​റാണ് ഇപ്പോൾ മരവിപ്പിച്ചത്. കരാർ മരവിപ്പിക്കുന്നത് പാകിസ്താന് തിരിച്ചടിയാകും.

തെ​ക്ക​ൻ ക​ശ്മീ​രി​ലെ പ്രമുഖ വി​നോ​ദ​സ​ഞ്ചാ​ര കേന്ദ്രമായ പ​ഹ​ൽ​ഗാ​മി​ൽ സഞ്ചാരി​ക​ൾ​ക്ക് ​നേ​രെ ഏപ്രിൽ 22ന് നടന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ്രദേശവാസി ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്ക് ഭീകരാക്രമണത്തിൽ പരിക്കേറ്റു.

Tags:    
News Summary - Dear Mr Murtaza…: India writes to Pak, notifies Indus Waters Treaty pause

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.