മണിപ്പൂരിൽ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങൾ വെടിയേറ്റ നിലയിൽ കണ്ടെത്തി
ഇംഫാൽ: മണിപ്പൂരിൽ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങൾ വെടിയേറ്റ നിലയിൽ കണ്ടെത്തി. ഇംഫാൽ വെസ്റ്റ് ജില്ലയിലെ തൈറെൻപോക്പി പ്രദേശത്താണ് മധ്യവയസ്കയായ സ്ത്രീയുടെ മൃതദേഹം തലക്ക് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇംഫാലിലെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ദിവസങ്ങൾക്ക് മുമ്പ് കാങ്ചുപ് പ്രദേശത്തുനിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ നാല് പേരിൽ ഒരാളാണ് മരിച്ച സ്ത്രീയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇംഫാൽ ഈസ്റ്റ് ജില്ലയിലെ തഖോക് മപാൽ മഖ എന്ന പ്രദേശത്താണ് 40 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കണ്ണ് കെട്ടുകയും കൈകൾ പിറകിലേക്ക് ബന്ധിക്കുകയും ചെയ്ത നിലയിൽ വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഇംഫാലിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പോസ്റ്റ്മോർട്ടത്തിനയച്ചു.
ചൊവ്വാഴ്ച കാങ്‌ചുപ് താഴ്‌വരയിൽ അജ്ഞാതർ വെടിയുതിർത്തതിനെ തുടർന്ന് രണ്ട് പൊലീസുകാരും ഒരു സ്ത്രീയുമുൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. മണിപ്പൂരിൽ മെയ്തേയ്, കുകി വിഭാഗക്കാർ തമ്മിൽ മാസങ്ങളായി തുടരുന്ന സംഘർഷത്തിൽ ഇതുവരെ 180ലധികം പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.