വിവാദങ്ങൾക്കിടെ കാവിയിൽ മുങ്ങി ദൂരദർശൻ ലോഗോയും

കേന്ദ്രസർക്കാർ ഇതിനകം നടപ്പിലാക്കി വരുന്ന കാവിവൽക്കരണം ദൂരദർശൻ ലോഗോയിലും കടന്നുകൂടി. ദൂരദർശൻ ലോഗോ കാവി നിറത്തിലാക്കിയിരിക്കുകയാണിപ്പോൾ പ്രസാർഭാരതി. മഞ്ഞയും നീലയും നിറത്തിലുള്ള ലോഗോയാണിപ്പോൾ മാറ്റിയത്. ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയിലാണ് നിറംമാറ്റം വന്നിരിക്കുന്നത്. പുതിയ നിറത്തിലുള്ള ലോഗോ കഴിഞ്ഞ ദിവസം മുതലാണ് പ്രത്യക്ഷപ്പെട്ടത്. വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശനെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

മോദി സർക്കാറിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും മാത്രമാണ് സംപ്രേഷണം ചെയ്യുന്നതെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്. മുൻപ് നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശൻ വിവാദത്തിലായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധമുയര്‍ന്നതോടെ അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാര്‍ഭാരതിക്ക് അനുമതി കിട്ടിയിരുന്നില്ല. 

ലോഗോയില്‍ മാത്രമല്ല ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിരിക്കുകയാണ്. അതേസമയം ലോഗോ മാറ്റത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ലോഗോ മാറ്റിയത് സംഘപരിവാറിനുവേണ്ടിയാണെന്നും ഡിഡി ന്യൂസ് എന്ന പേരുമാറ്റി ബി.ജെ.പി ന്യൂസ് എന്നാക്കിക്കൂടെയെന്നാണ് വിമർശനങ്ങൾ ഉയരുന്നത്. 


Tags:    
News Summary - DD News Puts Behind Its Iconic Red Logo For A 'Saffron' Makeover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.