ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ ഇന്ത്യൻ ടെന്നിസ് താരം ലിയാൻഡർ പേസിന് എക്സ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പേസിന്റെ സുരക്ഷക്കായി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തു. ബി.ജെ.പിയിൽ ഔദ്യോഗികമായി ചേർന്ന് ഒരാഴ്ചക്ക് ശേഷമാണ് നീക്കം.
പശ്ചിമബംഗാളിൽ ഉൾപ്പെടെ പ്രധാന സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പേസിന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉൾപ്പെടെയുള്ള എക്സ് കാറ്റഗറി സുരക്ഷ ലഭിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
ഒരാഴ്ച മുമ്പ് ലിയാൻഡർ പേസ് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. ബംഗാളിൽ ബി.ജെ.പിയുടെ വിജയസാധ്യത വർധിപ്പിക്കാൻ സഹായിക്കുന്ന നിർണായക നീക്കമായിട്ടാണ് പേസിന്റെ രാഷ്ട്രീയ പ്രവേശനത്തെ ബി.ജെ.പി കാണുന്നത്.
കൊൽക്കത്തയിൽ ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിൻ നബിനുമായി പേസ് നടത്തിയ കൂടിക്കാഴ്ചയാണ് പേസിന്റെ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യയും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. നേരത്തെ, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങിയ താരം ഇപ്പോൾ ബി.ജെ.പിയിലേക്ക് മാറിയത് ബംഗാൾ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ മാറ്റമാണ്. സ്പോർട്സ് താരങ്ങളെ അണിനിരത്തി ബംഗാൾ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഭരത് ഛേത്രിയെ കലിംപോങ് സീറ്റിൽ ഇതിനോടകം ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 294 അംഗ പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.