ഹൃദയാഘാതം: ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ഹൃദയാഘാതത്തെത്തുടര്‍ന്ന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ന്യൂസ് 18 ചാനലാണ് ദാവൂദ് അതീവ ഗുരുതരാവസ്ഥയിലാണെന്ന വാർത്ത പുറത്തുവിട്ടത്. ദാവൂദ് കറാച്ചിയിലെ ആശുപത്രിയിൽ ചികിൽസയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാല്‍. ദാവൂദ് ആരോഗ്യവാനാണെന്ന് കറാച്ചിയിൽ തന്നെ കഴിയുന്നുവെന്ന് കരുതുന്ന അനുയായി ഛോട്ടാ ഷക്കീല്‍ ചാനലിനോട് ഫോണിലൂടെ പ്രതികരിച്ചു. ദാവൂദ് പൂർണ ആരോഗ്യവാനാണെന്നും മറ്റുവാർത്തകൾ അടിസ്ഥാന രഹിതമാണെന്നുമാണ് ഛോട്ടാ ഷക്കീൽ വ്യക്തമാക്കുന്നത്.

61കാരനായ ദാവൂദിന് ഗുരുതരമായ ഗാൻഗ്രീൻ രോഗമാണെന്നും നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നും കഴിഞ്ഞ വർഷം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

1993 ൽ മുംബൈയിൽ ഉണ്ടായ വൻ ബോംബ് സ്ഫോടനങ്ങളുടെ പിന്നിൽ പ്രവർത്തിച്ചത് ദാവൂദ് ആണെന്നു കണ്ടെത്തിയിരുന്നു. 257 പേരാണ് ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതുൾപ്പെടെ നിരവധി കേസുകളെ തുടർന്ന് ദാവൂദ് പാകിസ്താനിലേക്ക് കടക്കുകയായിരുന്നു. ദാവൂദിനെ കൈമാറണമെന്നു ഇന്ത്യ നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ദാവൂദ് രാജ്യത്ത് ഇല്ലെന്നാണ് പാക്കിസ്താന്‍റെ നിലപാട്.

അധോലോക നായകൻ ഇത്രയും കാലം തങ്ങളുടെ രാജ്യത്ത് ഉണ്ടെന്ന് സമ്മതിക്കേണ്ടി വരുമെന്നതിനാൽ ദാവൂദിന് മരണം സംഭവിച്ചാൽ പോലും ഇക്കാര്യം ഒദ്യോഗികമായി പുറത്തുവിടാൻ പാകിസ്താന് കഴിയില്ല. സംഭവവികാസങ്ങൾ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം ഗൗരവത്തോടെ നിരീക്ഷിച്ചുവരികയാണ്.

 

Tags:    
News Summary - Dawood Ibrahim Critical in Karachi After Heart Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.