മുംബൈ: എന്‍.സി.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേലും ദാവൂദ് ഇബ്രാഹിമിന്‍റെ വലംകൈയായിരുന്ന ഇഖ്ബാല്‍ മിര്‍ച്ചി എന്ന ഇഖ്ബാല്‍ മേമനും തമ്മിൽ സാമ്പത്തിക ബന്ധമുണ്ടായിരുന്നെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി.) കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് ഇഖ്ബാൽ മേമന്‍റെ ബന്ധുവിനെ ഇ.ഡി. ചോദ്യം ചെയ്തു. എന്നാൽ, ഇ.ഡിയുടെ ആരോപണങ്ങളെല്ലാം പ്രഫുൽ പട്ടേൽ നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബർ 18ന് പ്രഫുൽ പട്ടേലിനോട് ഹാജരാവാൻ ഇ.ഡി നിർദേശിച്ചു.
ബിനാമി പേരിലടക്കമുള്ള ഇഖ്ബാൽ മേമന്‍റെ 35 സ്വത്തു വകകളാണ് ഇ.ഡി. കണ്ടെത്തിയത്. വോര്‍ലിയിലെ സ്വത്തുക്കൾ സണ്‍ബ്ലിങ്ക് റിയാല്‍ട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനും പ്രഫുലിന് ഓഹരിയുള്ള മില്ലേനിയം ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനും വിറ്റിരുന്നു. സീജെ ഹൗസില്‍ പ്രഫുല്‍ പട്ടേലിന് രണ്ട് ഫ്‌ളാറ്റുകളുണ്ട്. സീജെ ഹൗസിലെ മൂന്നും നാലു നിലകൾ ഇഖ്ബാൽ മേമന്‍റെ ഭാര്യ ഹജ്റ ഇഖ്ബാലിന് 2007ൽ നൽകിയെന്നും ഇ.ഡി. പറയുന്നു.
ഇതുകൂടാതെ ബിനാമി പേരിൽ ഖണ്ഡാലയിൽ ആറേക്കറിലെ ബംഗ്ലാവ് അടക്കം നിരവധി സ്വത്തുവകകൾ അന്വേഷണ സംഘം വേറെയും കണ്ടെത്തിയിട്ടുണ്ട്. എല്ലാം കൂടി 500 കോടിയിലധികം മൂല്യം വരുമെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇ.ഡിയുടെ കണ്ടെത്തലിനെതിരെ എൻ.സി.പി രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.