സാ‍ക്ഷി മാലിക്

രാജ്യത്തെ പെൺമക്കൾ തോറ്റു, ബ്രിജ്ഭൂഷൺ ജയിച്ചു -സാ‍ക്ഷി മാലിക്

ന്യൂഡൽഹി: രാജ്യത്തെ പെൺമക്കൾ തോറ്റെന്നും ബ്രിജ്ഭൂഷൺ ജയിച്ചെന്നും ഗുസ്തിതാരം സാക്ഷി മാലിക്. ബ്രിജ്ഭൂഷണിന്‍റെ മകന്‍റെ സ്ഥാനാർഥിത്വത്തിൽ പ്രതികരിക്കുകയായിരുന്നു സാ‍ക്ഷി മാലിക്. സ്ഥാനാർഥിത്വം രാജ്യത്തെ കോടികണക്കിന് പെൺമക്കളുടെ മനോവീര്യം തകർത്തെന്നും സാക്ഷി ആരോപിച്ചു. രാമന്‍റെ പേരിൽ വോട്ട് തേടുന്നവർ രാമന്‍റെ പാത പിന്തുടരേണ്ടെയെന്നും സാക്ഷി ചോദിച്ചു.

"രാജ്യത്തെ പെൺമക്കൾ തോറ്റു, ബ്രിജ് ഭൂഷൺ വിജയിച്ചു. ഞങ്ങൾ എല്ലാവരും ഞങ്ങളുടെ കരിയർ പണയപ്പെടുത്തി. ദിവസങ്ങളോളം വെയിലും മഴയും കൊണ്ട് തെരുവിൽ ഉറങ്ങി, ഇന്നുവരെ, ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തിട്ടില്ല. ഞങ്ങൾ മറ്റൊന്നും ആവശ്യപ്പെടുന്നില്ല, നീതി മാത്രം ആവശ്യപ്പെടുന്നു. ബ്രിജ് ഭൂഷന്‍റെ മകന് ടിക്കറ്റ് നൽകിയതിലൂടെ നിങ്ങൾ രാജ്യത്തെ കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം തകർത്തു. ടിക്കറ്റ് ഒരു കുടുംബത്തിന് മാത്രമാണെങ്കിൽ, ഒരു മനുഷ്യന്‍റെ മുന്നിൽ രാജ്യത്തെ സർക്കാർ ഇത്ര ദുർബലമാണോ? ശ്രീരാമന്‍റെ പേരിൽ വോട്ടുകൾ മാത്രം മതി, അദ്ദേഹം കാണിച്ചുതന്ന പാതയോ?" -സാക്ഷി മാലിക് എക്‌സ് പോസ്റ്റിൽ എഴുതി.


ബ്രിജ് ഭൂഷന്‍റെ സിറ്റിങ് സീറ്റായ ഉത്തർപ്രദേശിലെ കൈസർഗഞ്ചിലാണ് മകൻ കരൺ ഭൂഷൺ സിങ് മത്സരിക്കുക. മെയ് 20നാണ് കൈസർഗഞ്ചിൽ വോട്ടെടുപ്പ് നടക്കുന്നത്. കൈസർഗഞ്ചിലെ തന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാത്തതിൽ പരസ്യ പ്രതിഷേധവുമായി ബ്രിജ് ഭൂഷൺ രംഗത്ത് വന്നിരുന്നു. സ്ഥാനാർഥിയായി തന്‍റെ പേര് പ്രഖ്യാപിക്കാൻ വൈകുന്നതിന് മാധ്യമങ്ങളെയാണ് ബ്രിജ് ഭൂഷൺ കുറ്റപ്പെടുത്തിയത്.

കഴിഞ്ഞ തവണ രണ്ട് ലക്ഷത്തിലേറെ വോട്ടിനാണ് താൻ വിജയിച്ചത്. ഇത്തവണ അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാക്കാനാണ് പ്രവർത്തകരുടെ ശ്രമം. താൻ ശക്തനായ സ്ഥാനാർഥിയാണ്. 99.9 ശതമാനവും താൻ തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞിരുന്നു.

ബ്രിജ് ഭൂഷനെതിരെ വനിത ഗുസ്തി താരങ്ങള്‍ ലൈംഗികാതിക്രമ പരാതി നൽകിയിരുന്നു. ഡൽഹിയിൽ ദിവസങ്ങൾ നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം ബ്രിജ് ഭൂഷൺ ഒഴിഞ്ഞത്. എന്നാൽ, ആരോപണങ്ങൾ ബ്രിജ് ഭൂഷൺ നിഷേധിച്ചു.

Tags:    
News Summary - "Daughters Lost": sakshi malik After BJP Fields Brij Bhushan's Son In Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.