ഭർത്താവിന്റെ മാതാപിതാക്കളെ പരിചരിക്കേണ്ടത് മരുമകളുടെ ബാധ്യതയല്ലെന്ന് അലഹബാദ് ഹൈകോടതി

പ്രയാഗ്രാജ്: ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹബാദ് ഹൈകോടതി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് മരുമകളില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ജസ്റ്റിസ് മദന്‍ പാല്‍ സിങ് ഉത്തരവിൽ വ്യക്തമാക്കി. രാകേഷ് കുമാർ എന്നയാളും ഭാര്യയും മരുമകൾക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ജീവനാംശം ക്ലെയിം ചെയ്യാനുള്ള അവകാശം ഒരു നിയമപരമായ അവകാശമാണെന്നും അത് പ്രസ്തുത നിയമത്തിൽ വ്യക്തമായി പരാമർശിച്ചിട്ടുള്ള വ്യക്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭര്‍ത്താവിന്റെ മാതാപിതാക്കളെ നോക്കുക എന്നത് ഒരു ധാര്‍മ്മിക കടമയായിരിക്കാം. എന്നാല്‍ നിയമപരമായ പിന്‍ബലം അതിനില്ല. ധാര്‍മ്മികമായ ബാധ്യതകളെ നിയമപരമായി നടപ്പിലാക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മരുമകളുടെ മേല്‍ ഇത്തരമൊരു ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് നിയമ സംവിധാനത്തിന്റെ ലക്ഷ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിമിനൽ നടപടിച്ചട്ടം 125-ാം വകുപ്പ് പ്രകാരം സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാൻ മക്കൾക്ക് ഉത്തരവാദിത്തമുണ്ടെങ്കിലും ആ നിർവചനത്തിൽ ഭർത്താവിന്റെ മാതാപിതാക്കൾ ഉൾപ്പെടില്ലെന്ന് കോടതി വ്യക്തമാക്കി.

ഒരു സ്ത്രീ ജോലി ചെയ്യുന്നുണ്ടെങ്കിൽ പോലും തന്റെ വരുമാനത്തിൽ നിന്ന് ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ അവർ ബാധ്യസ്ഥയല്ലെന്നും നിയമപ്രകാരം മാതാപിതാക്കൾ എന്ന വാക്കിന് സ്വന്തം അച്ഛനമ്മമാർ എന്ന് മാത്രമേ അർത്ഥമുള്ളൂ എന്നും കോടതി വ്യക്തമാക്കി. ഭർത്താവിന്റെ മരണശേഷം മരുമകൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ പോലും ആ വരുമാനത്തിൽ നിന്ന് ഭർത്താവിന്റെ മാതാപിതാക്കൾക്ക് വിഹിതം നൽകാൻ അവർ ബാധ്യസ്ഥയല്ലെന്നും കോടതി വ്യക്തമാക്കി.

ആഗ്രയിലെ കുടുംബ കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് രാകേഷ് കുമാറും ഭാര്യയും അലഹബാദ് ഹൈക്കോടതിയ സമീപിച്ചത്. ഉത്തര്‍പ്രദേശ് പൊലീസില്‍ കോണ്‍സ്റ്റബിളായ മരുമകള്‍ക്കെതിരെയായിരുന്നു ഭർത്താവിന്റെ മാതാപിതാക്കൾ പരാതിയുമായി എത്തിയത്. തങ്ങള്‍ പ്രായമായവരും നിരക്ഷരരും ദരിദ്രരുമാണെന്നും ഏക മകന്റെ മരണശേഷം തങ്ങളെ നോക്കാന്‍ ആരുമില്ലെന്നും ദമ്പതികള്‍ വാദിച്ചു. മകന്റെ മരണാനന്തര ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റുന്നത് മരുമകളാണെന്നും അവര്‍ക്ക് സ്വന്തമായി വരുമാനമുണ്ടെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ കോടതി മരുമകള്‍ക്ക് ജോലി ലഭിച്ചത് ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നുള്ള കാരുണ്യ നിയമനത്തിലൂടെ ആണെന്ന് തെളിയിക്കാന്‍ രേഖകളില്ലെന്നും വ്യക്തമാക്കി. 2025 ആഗസ്റ്റിൽ മരുമകൾക്ക് അനുകൂലമായി കുടുംബകോടതി നൽകിയ വിധിക്കെതിരെയായിരുന്നു ഭർത്താവിന്റെ മാതാപിതാക്കൾ ഹൈ​കോടതിയെ സമീപിച്ചത്.

Tags:    
News Summary - daughter-in-law is not legally bound to maintain parents-in-law- court order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.