ന്യൂഡൽഹി: രാജ്യത്ത് മതവിദ്വേഷത്തിെൻറ പേരിൽ നടക്കുന്ന മുഴുവൻ കുറ്റകൃത്യങ്ങളുടെയും സ്ഥിതിവിവരം ലഭ്യമാക്കുന്നതിനുള്ള വിപുലമായ സംവിധാനത്തിന് തുടക്കമായി. ആൾക്കൂട്ട ആക്രമണങ്ങളുടെ റിപ്പോർട്ടുകളും സ്ഥിതിവിവരക്കണക്കും സമാഹരിക്കാൻ രാജ്യത്ത് ഇദംപ്രഥമമായി ഒരുക്കിയ ഡോറ്റോഡാറ്റാബേസ്.കോം എന്ന ഒാൺലൈൻ പ്ലാറ്റ്ഫാമിനാണ് ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന ചടങ്ങിൽ തുടക്കം കുറിച്ചത്.
ഡൽഹി ന്യൂനപക്ഷ കമീഷൻ ചെയർമാൻ സഫറുൽ ഇസ്ലാം ഖാൻ, പീസ്മാപ് ഹെൽപ് ലൈൻ സ്ഥാപക ടീസ്റ്റ സെറ്റൽവാദ്, രാം പുനിയാനി, സുപ്രീംകോടതി അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ, രവി നായർ, മാധ്യമ പ്രവർത്തക സാബ നഖ്വി, കെ.കെ. സുൈഹൽ, ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ എഞ്ചിനീയർ സലീം, ആംനസ്റ്റി ഇൻറർനാഷനൽ പ്രതിനിധി എന്നിവർ ചേർന്ന് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.
ആംനസ്റ്റി ഇൻറർനാഷനൽ, ക്വിൽ ഫൗണ്ടേഷൻ, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, ജംഇയ്യത്തുൽ ഉലമായേ ഹിന്ദ്, ജംഇയ്യത്ത് അഹ്ലെ ഹദീസ്, മുസ്ലിം മജ്ലിസെ മുശാവറ, എ.പി.സി.ആർ, എൻ.സി.എച്ച്.ആർ.ഒ, സിറ്റിസൺസ് എഗൻസ്റ്റ് ഹെയ്റ്റ്, യുനൈറ്റഡ് എഗൻസ്റ്റ് ഹെയ്റ്റ്, സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ്, എസ്.െഎ.ഒ, ഫ്രറ്റേണിറ്റി, എം.എസ്.ഒ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പുതിയ സംരംഭം.
വിവിധ ജില്ലകളിലും സംസ്ഥാനങ്ങളിലും നടന്ന ആക്രമണങ്ങൾ, അവിടെ ഭരിക്കുന്ന പാർട്ടി, ആക്രമികളുടെ രാഷ്്ട്രീയ ബന്ധം, സംഭവങ്ങളെക്കുറിച്ചുള്ള ചെറിയ വിവരണം, എന്തുെകാണ്ടാണ് ആക്രമണങ്ങളുണ്ടായത്, ആരാണ് ഇരയാക്കപ്പെട്ടത് തുടങ്ങിയ കാര്യങ്ങൾ വിശദമാക്കുന്നതാണ്ഡോറ്റോഡാറ്റാബേസ്.കോം എന്ന് കെ.കെ. സുഹൈൽ മാധ്യമത്തോട് പറഞ്ഞു. ഇതിനകം 2607 ഇരകളും 488 അക്രമസംഭവങ്ങളും സംബന്ധിച്ച നാലു വർഷത്തെ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 54 ആൾക്കൂട്ട ആക്രമണങ്ങൾ, ശാരീരികമായ പരിക്കേൽപിക്കൽ, 51 മതസ്ഥാപനങ്ങൾക്കെതിരായ ആക്രമണങ്ങൾ 52 വർഗീയ കലാപങ്ങൾ എന്നിവ ഇതിലുൾപ്പെടുമെന്നും സുഹൈൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.