പ്രതീകാത്മക ചിത്രം

സൈബർ തട്ടിപ്പുകൾ; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: സൈബർ തട്ടിപ്പുകൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യയുടെ സഹായത്തോടെ മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററും (I4C) റിസർവ് ബാങ്ക് ഇന്നോവേഷൻ ഹബ്ബും (ആർ.‌ബി‌.ഐ‌.എച്ച്) ധാരണാപത്രത്തിൽ ഒപ്പുവച്ചു.

സൈബർ തട്ടിപ്പുകളിൽ ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ടുകൾ വേഗത്തിൽ കണ്ടെത്തുകയും അവക്കെതിരെ നടപടി ശക്തമാക്കുകയും ചെയ്യുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം. I4Cയുടെ സസ്പെക്ട് രജിസ്ട്രിയിൽ നിന്നുള്ളവിവരങ്ങൾ ആർ.‌ബി‌.ഐ‌.എച്ചിന്‍റെ എ.ഐ അധിഷ്ഠിത തട്ടിപ്പ് കണ്ടെത്തൽ സംവിധാനവുമായി സംയോജിപ്പിച്ചായിരിക്കും പ്രവർത്തനം. ഇതിലൂടെ മറഞ്ഞുകിടക്കുന്ന മ്യൂൾ അക്കൗണ്ടുകൾ വേഗത്തിൽ തിരിച്ചറിയാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡിജിറ്റൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിരീക്ഷണവും സുരക്ഷാസംവിധാനവും കൂടുതൽ ശക്തിപ്പെടുത്താനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

'സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ മ്യൂൾ അക്കൗണ്ടുകൾ വലിയ വെല്ലുവിളിയാണ്. സൈബർ തട്ടിപ്പുകളെ നേരിടാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കരുത്ത് പ്രയോജനപ്പെടുത്തിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള I4C, റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ്ബുമായി ഇന്ന് ധാരണാപത്രത്തിൽ ഒപ്പുവെച്ചു,' എന്ന് അമിത് ഷാ സമൂഹമാധ്യമത്തിലൂടെ അറയിച്ചു. സസ്‌പെക്ട് രജിസ്ട്രിയിലെ വിവരങ്ങൾ എ.ഐ അധിഷ്ഠിത തട്ടിപ്പ് കണ്ടെത്തൽ സംവിധാനത്തിലേക്ക് നൽകുന്നതിലൂടെ, നിയമവിരുദ്ധ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്താൻ ഈ സംവിധാനത്തിന് കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു.

സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറ്റം ചെയ്യുന്നതിനും മറച്ചുവക്കുന്നതിനുമായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളെയാണ് മ്യൂൾ അക്കൗണ്ടുകൾ എന്ന് വിളിക്കുന്നത്. വ്യാജ വിവരങ്ങൾ ഉപയോഗിച്ചോ അല്ലെങ്കിൽ മറ്റുള്ളവരെ കബളിപ്പിച്ചോ ആണ് ഇത്തരം അക്കൗണ്ടുകൾ പലപ്പോഴും തുടങ്ങുന്നത്. ഡിജിറ്റൽ തട്ടിപ്പ് ശൃംഖലകളെ പിന്തുടരുന്നതിൽ ഇവ വലിയൊരു വെല്ലുവിളിയാണെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള അക്കൗണ്ടുകൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കാനും തട്ടിപ്പ് തടയുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ഈ സംരംഭം സഹായിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഈ നീക്കം സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് അടുത്ത തലമുറയെ സംരക്ഷിക്കുന്ന സുരക്ഷാ കവചമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Cyber ​​frauds; Union Home Ministry to take action against mule accounts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.